കോട്ടയം: മെലഡി മാജിക് സ്കൂൾ ഓഫ് മ്യൂസിക്കിന്റെ 25-ാം വാർഷികത്തിൽ വിദ്യാർഥികളും പൂർവ വിദ്യാർഥികളും ചേർന്ന് കെ.സി മാമ്മൻ മാപ്പിള ഹാളിൽ അവതരിപ്പിച്ചു. രജത ജൂബിലി ആഘോഷങ്ങൾ സംഗീതസാന്ദ്രമാക്കി മെലഡി മാജിക് സ്കൂൾ ഓഫ് മ്യൂസിക്.
ക്രിസ്മസ് സംഗീതത്തിന്റെ മനോഹാരിതയിലേക്ക് ആസ്വാദകരെ കൈപിടിച്ചു നയിച്ച് ‘സ്റ്റേബിൾ ബൈ സ്റ്റാർലൈറ്റ്’ ജൂനിയർ ഗായകസംഘം അവതരിപ്പിച്ചു. ഗിറ്റാർ, പിയാനോ, ഡ്രംസ്, വയലിൻ തുടങ്ങിയവയുടെ അകമ്പടിയോടെ നടന്ന പരിപാടികളിൽ നിലവിലെ വിദ്യാർഥികൾക്കൊപ്പം പൂർവ വിദ്യാർഥികളും പങ്കാളികളായി.
രണ്ടായിരത്തിൽ ഒരു വിദ്യാർഥിയുമായി ആരംഭിച്ച സ്കൂൾ മുന്നൂറിലധികം വിദ്യാർഥികളുള്ള സംഗീത കേന്ദ്രമായി ഇന്ന് മാറി. പാശ്ചാത്യ വോക്കൽ, ഗിറ്റാർ, പിയാനോ, ഡ്രംസ്, വയലിൻ, റിക്കോർഡർ എന്നിവയിൽ വിദഗ്ധർ പരിശീലനം നൽകുന്നു. ലണ്ടനിലെ അസോഷ്യേറ്റഡ് ബോർഡ് ഓഫ് ദി റോയൽ സ്കൂൾസ് ഓഫ് മ്യൂസിക്കിന്റെ (എബിആർഎസ്എം) ഔദ്യോഗിക പങ്കാളിയാണ് മെലഡി മാജിക് സ്കൂൾ എന്ന് ഡയറക്ടർ ദീപ ഏബ്രഹാം പറഞ്ഞു.






