തിരുവനന്തപുരം: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട 14 വയസുള്ള രണ്ട് വിദ്യാർഥിനികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കണ്ണൂർ കൂവേരി സ്വദേശി കെ.വി. അനുരാജ് (23) ആണ് പോത്തൻകോട് പൊലീസിന്റെ പിടിയിലായത്. ഒമ്പതാം ക്ലാസ് വിദ്യാർഥിനികളെയാണ് പ്രതി പ്രണയം നടിച്ച് വശീകരിച്ച് പീഡിപ്പിച്ചതെന്ന് പൊലീസ് അറിയിച്ചു.
ഇൻസ്റ്റഗ്രാം വഴിയാണ് പ്രതി ആദ്യം ഒരു വിദ്യാർഥിനിയുമായി പരിചയപ്പെടുന്നത്. പിന്നീട് പെൺകുട്ടിയുടെ സുഹൃത്തുമായും ഇയാൾ ബന്ധം സ്ഥാപിച്ചു. ഇരുവരോടും പ്രണയം നടിച്ച് ലൈംഗിക ബന്ധത്തിന് കണ്ണൂരിൽ നിന്ന് പോത്തൻകോട് എത്തുകയായിരുന്നു.
വീട്ടിൽ ആളില്ലാതിരുന്ന സമയത്ത് പെൺകുട്ടിയുടെ വീട്ടിൽ പ്രവേശിച്ച പ്രതി കുട്ടിയെ പീഡിപ്പിച്ചു. തുടർന്ന് പെൺകുട്ടിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഉപയോഗിച്ച് സുഹൃത്തിനെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ഇരുവരെയും പീഡിപ്പിച്ച ശേഷം വീട്ടുകാർ ഉറങ്ങിയ സമയത്ത് രാത്രി 12 മണിയോടെ പ്രതി സ്ഥലത്തുനിന്ന് കടന്നുകളഞ്ഞു.
സംഭവത്തിന് പിന്നാലെ ഇരുവരുടെയും ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ പ്രതി ബ്ലോക്ക് ചെയ്തു. പിന്നീട് ഇയാൾ മറ്റൊരു പെൺകുട്ടിയുമായി അടുപ്പത്തിലായതോടെയാണ് സംഭവം പുറത്തറിയുന്നത്. ആദ്യ പെൺകുട്ടിയുടെ വീട്ടുകാർ പോത്തൻകോട് പൊലീസിൽ പരാതി നൽകിയതോടെയാണ് രണ്ടാമത്തെ പെൺകുട്ടിയും പീഡനത്തിനിരയായ വിവരം പുറത്തുവന്നത്.
തുടർന്ന് പോത്തൻകോട് പൊലീസ് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തു. കണ്ണൂരിലെത്തിയാണ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിൽ നേരത്തെയും രണ്ട് പോക്സോ കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു.


