മൈക്രോസോഫ്റ്റ് വീണ്ടും ജീവനക്കാരെ കുറച്ചു. ഈ ആഴ്ച 300-ലധികം ജീവനക്കാരെ പിരിച്ചുവിടുകയും അടുത്ത റൗണ്ട് തൊഴില്‍ വെട്ടിക്കുറവ് ആരംഭിക്കുകയും ചെയ്തതായി ബ്ലൂംബെര്‍ഗ്. പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിനും സാങ്കേതിക മേഖലയിലെ ദ്രുതഗതിയിലുള്ള മാറ്റങ്ങളുമായി പൊരുത്തപ്പെടുന്നതിനു വേണ്ടിയാണിത്. കമ്പനി സമീപ വര്‍ഷങ്ങളിലെ ഏറ്റവും വലിയ പിരിച്ചുവിടല്‍ നടപ്പിലാക്കിയതിന് ആഴ്ചകള്‍ക്ക് ശേഷമാണ് വീണ്ടും പുതിയ നടപടി. കഴിഞ്ഞ മാസം മൈക്രോസോഫ്റ്റ് 6000 പിരിച്ചുവിടല്‍ പ്രഖ്യാപിച്ചിരുന്നു.
ടെക് മേഖല എഐ അധിഷ്ഠിത പരിവര്‍ത്തനത്തിന്റെ പാതയിലാണ്. മൈക്രോസോഫ്റ്റ്, മെറ്റ, സെയില്‍സ്‌ഫോഴ്‌സ് തുടങ്ങിയ പ്രമുഖ കമ്പനികള്‍ മെഷീന്‍ ലേണിംഗ്, ഓട്ടോമേഷന്‍ പ്രവണതകള്‍ക്ക് അനുസൃതമായി തൊഴില്‍ ശക്തി തന്ത്രങ്ങള്‍ പുനര്‍നിര്‍മ്മിക്കുന്നു. എഐ പവര്‍ ചെയ്ത ഉപകരണങ്ങളിലുള്ള വര്‍ദ്ധിച്ചുവരുന്ന ആശ്രയമാണ് ഈ മാറ്റത്തിന്റെ കാതല്‍. ഇത് കമ്പനികളെ ചെലവ് കുറയ്ക്കാനും വലിയ എഞ്ചിനീയറിംഗ് ടീമുകളെ ആശ്രയിക്കുന്നത് കുറയ്ക്കാനും സഹായിക്കുന്നു. 2024 ജൂണ്‍ വരെ മൈക്രോസോഫ്റ്റില്‍ ഏകദേശം 228,000 മുഴുവന്‍ സമയ ജീവനക്കാരുണ്ട്. ഇവരില്‍ പകുതയിലധികം യുഎസിലാണ്.
Content: Microsoft is cutting staff again






