തിരുവനന്തപുരം: മിൽമ പാലിന്റെ വില വർധിപ്പിക്കുന്ന കാര്യത്തിൽ മേയ് 4ന് ശേഷം തീരുമാനമെടുക്കുമെന്ന് മിൽമ ചെയർമാൻ കെ.എസ്. മണി അറിയിച്ചു. ഇപ്പോൾ തന്നെ വില വർധിപ്പിക്കില്ലെന്നും, മേയ് 4ന് ശേഷം മിൽമ ബോർഡ് വീണ്ടും യോഗം ചേർന്ന് അന്തിമ തീരുമാനം കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.
പാൽവില വർധനയ്ക്ക് നിയമപരമായ തടസ്സങ്ങളില്ലെങ്കിലും, കർഷകരുടെ താത്പര്യം കൂടി പരിഗണിച്ച് സർക്കാർവുമായി ചർച്ച ചെയ്ത് മുന്നോട്ട് പോകുന്നതാണ് പതിവ്. വില വർധിപ്പിക്കാൻ സർക്കാർ അനുമതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ തിരഞ്ഞെടുപ്പ് ഫലം വന്നതിനുശേഷം മാത്രമേ തീരുമാനം എടുക്കൂ. ബുധനാഴ്ച ചേർന്ന ബോർഡ് യോഗത്തിൽ ലിറ്ററിന് 4 രൂപ വർധിപ്പിക്കണമെന്ന ആവശ്യം ശക്തമായിരുന്നു.
വില വർധന വൈകുന്നതിൽ ചില അംഗങ്ങൾ പ്രതിഷേധവും രേഖപ്പെടുത്തി. പ്രത്യേകിച്ച് എറണാകുളം മേഖല യൂണിയൻ ഭാരവാഹികൾ പ്രതിഷേധം ഉയർത്തി. മുൻപ് തന്നെ വില വർധിപ്പിക്കേണ്ടിവരുമെന്ന് ചെയർമാൻ വ്യക്തമാക്കിയിരുന്നു. ഇതിനായി തിരഞ്ഞെടുപ്പ് കമ്മീഷനോട് ഇളവ് തേടിയെങ്കിലും മറുപടി ലഭിച്ചില്ല. സർക്കാർ നിർദേശപ്രകാരം ഡിസംബറിൽ വില വർധിപ്പിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.




