തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടിയിലെ കണ്ണൂർ ഡെന്റൽ കോളേജിലെ ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറി. കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണറുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ ഡിജിപിയാണ് ഉത്തരവിറക്കിയത്. കുടുംബത്തിന്റെ പരാതിയോടൊപ്പം ലോൺ ആപ്പ് ഭീഷണിപ്പെടുത്തൽ കേസും ക്രൈംബ്രാഞ്ച് അന്വേഷിക്കും.
ഏപ്രിൽ 10-നാണ് നിതിൻ രാജ് കോളേജ് കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തത്. വകുപ്പ് മേധാവി റാം മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന് നിതിൻ മുമ്പ് പറഞ്ഞതായി കുടുംബം ആരോപിക്കുന്നു. ഡെന്റൽ കോളേജിലെ അധ്യാപകരായ ഡോ. എം. കെ. റാം, സംഗീത നമ്പ്യാർ എന്നിവരെ കേസിൽ പ്രതികളാക്കി. ഇരുവരെയും കോളേജ് സസ്പെൻഡ് ചെയ്തതോടൊപ്പം എം. കെ. റാമിനെ മാനേജ്മെന്റ് പുറത്താക്കി.
അതേസമയം, നിതിൻ രാജിനെയും അധ്യാപികയെയും ഭീഷണിപ്പെടുത്തിയതായി ആരോപിക്കപ്പെട്ട ലോൺ ആപ്പ് സംഘത്തെ സൈബർ പൊലീസ് അറസ്റ്റ് ചെയ്തു. ഖാസിയാബാദ് സ്വദേശി ഋഷികേഷ് തിവാരി, ഉത്തർപ്രദേശ് സ്വദേശി പ്രശാന്ത് ഖേവൽ (28), ഫരിദാബാദ് സ്വദേശി പ്രകാശ് ജയ് എന്നിവരാണ് പിടിയിലായത്. നോയ്ഡയിലെ ഇൻസ്റ്റന്റ് ഫണ്ട് എന്ന സ്ഥാപനത്തിൽ നടത്തിയ പരിശോധനയിൽ സിം ബോക്സുകളും നിരവധി സിം കാർഡുകളും പൊലീസ് കസ്റ്റഡിയിലെടുത്തു.






