ന്യൂഡല്‍ഹി: ദേശീയോദ്യാനങ്ങളുടെയും വന്യജീവി സങ്കേതങ്ങളുടെയും ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ഖനനം നടത്തുന്നത് നിരോധിച്ച് സുപ്രീംകോടതി.
ഇത്തരം പ്രവര്‍ത്തനങ്ങള്‍ വന്യജീവികള്‍ക്ക് അപകടകരമാണെന്ന് ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായി, ജസ്റ്റിസ് കെ വിനോദ് ചന്ദ്രന്‍ എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവില്‍ ചൂണ്ടിക്കാട്ടി.
സരന്ദ വന്യജീവി സങ്കേതം (എസ്ഡബ്ല്യുഎല്‍), സസാങ്ദാബുരു കണ്‍സര്‍വേഷന്‍ റിസര്‍വ് (എസ്സിആര്‍) എന്നിവ സംരക്ഷിത മേഖലയായി വിജ്ഞാപനം ചെയ്യുന്നതുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി.
വന്യജീവികള്‍ക്ക് ദോഷകരമാകുമെന്നതിനാല്‍ ദേശീയോദ്യാനങ്ങളുടെയും വന്യജീവി സങ്കേതങ്ങളുടെയും ഒരു കിലോമീറ്റര്‍ പരിധിയില്‍ ഖനനം പാടില്ല എന്നത് കോടതിയുടെ തീരുമാനമാണ്.
ദേശീയ പാര്‍ക്കുകളുടെയോ വന്യജീവി സങ്കേതത്തിന്റെയോ അതിര്‍ത്തിയില്‍ നിന്ന് ഒരു കിലോമീറ്റര്‍ വിസ്തൃതിയില്‍ ഖനനം ഒരു കാരണവശാലും അനുവദിക്കാനാകില്ല.
മുമ്പ് ഗോവ ഫൗണ്ടേഷനുമായി ബന്ധപ്പെട്ട കേസില്‍ ഇതുസംബന്ധിച്ച നിര്‍ദേശം പുറപ്പെടുവിക്കാന്‍ ഗോവ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
ഇത്തരമൊരു വിജ്ഞാപനം രാജ്യത്താകെ തന്നെ വേണമെന്ന് കോടതി ഇപ്പോള്‍ വിലയിരുത്തുകയാണെന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടു.
നിര്‍ദ്ദിഷ്ട പ്രദേശത്തെ വന്യജീവി സങ്കേതമായി വിജ്ഞാപനം ചെയ്യാന്‍ ഝാര്‍ഖണ്ഡ് സര്‍ക്കാരിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടു.
വനാവകാശ നിയമം അനുസരിച്ച് ഈ പ്രദേശത്തെ ഗോത്രവര്‍ഗക്കാരുടെയും വനവാസികളുടെയും അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നും കോടതി നിര്‍ദേശിച്ചു.










