കല്‍പ്പറ്റ: വയനാട് ഉരുള്‍പൊട്ടൽ ദുരന്തബാധിതർക്കായി കല്‍പ്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ നിർമ്മിച്ചുവരുന്ന ടൗൺഷിപ്പിലെ ഒരു വീട്ടിൽ വിള്ളൽ കണ്ടെത്തിയെന്ന വിവാദത്തെ തുടർന്ന് റവന്യൂ മന്ത്രി കെ. രാജൻ സ്ഥലം സന്ദർശിച്ചു. സിപിഎം നേതാക്കളോടൊപ്പമായിരുന്നു സന്ദർശനം. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് ടൗൺഷിപ്പിൽ പൊലീസ് വിന്യസിച്ചിട്ടുണ്ട്.
സന്ദർശനത്തിനിടെ മേൽക്കൂരയിൽ കാണപ്പെട്ട പാടുകൾ പരിശോധിച്ച മന്ത്രി, അത് വെള്ളം കിനിഞ്ഞുണ്ടായതാണെന്നും യാതൊരു വിള്ളലും ഇല്ലെന്നും വ്യക്തമാക്കി. വീടുകൾ ഇതുവരെ ദുരന്തബാധിതർക്കു കൈമാറിയിട്ടില്ലെന്നും, പട്ടയം മാത്രമാണ് നൽകിയതെന്നും അദ്ദേഹം പറഞ്ഞു.
വീട് കൈമാറിയതിന് ശേഷം പ്രശ്നങ്ങൾ ഉണ്ടാകുകയാണെങ്കിൽ കരാർ പ്രകാരം ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി തന്നെ പരിഹാരം കാണേണ്ടതുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. വെള്ളം കിനിയുന്ന പ്രശ്നം പരിഹരിക്കുന്ന നടപടികൾ പൂർത്തിയായിട്ടില്ലെന്നും, നിർമാണത്തിലെ വീഴ്ചകൾ ഉണ്ടായാൽ കരാർ പ്രകാരം പണം നൽകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
410 വീടുകളുടെ നിർമ്മാണം ഒക്ടോബറിനകം പൂർത്തിയാക്കേണ്ടതുണ്ടെന്നും, വൈകിയാൽ ബന്ധപ്പെട്ടവർക്ക് നടപടി നേരിടേണ്ടിവരുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. ടൗൺഷിപ്പിൽ മാധ്യമങ്ങൾ കാണിക്കുന്ന ശ്രദ്ധയ്ക്ക് നന്ദിയും അദ്ദേഹം രേഖപ്പെടുത്തി.
അതേസമയം, യൂത്ത് കോൺഗ്രസ് പ്രവർത്തകർ ടൗൺഷിപ്പിൽ കുടിൽ കെട്ടി പ്രതിഷേധിക്കാൻ ഒരുങ്ങുകയാണ്. ഇതിനെ തുടർന്നാണ് പ്രദേശത്ത് കൂടുതൽ പൊലീസ് വിന്യാസം ഏർപ്പെടുത്തിയിരിക്കുന്നത്.




