കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ വേറിട്ട ശൈലിയുമായി പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. തിരക്കിട്ട ഔദ്യോഗിക തിരക്കുകൾക്കിടയിലും കഴിഞ്ഞ 15 ദിവസങ്ങൾക്കുള്ളിൽ 200-ൽ അധികം കുടുംബയോഗങ്ങളിൽ പങ്കെടുക്കുകയും 12,000-ത്തിലധികം ആളുകളെ നേരിട്ട് കാണുകയും ചെയ്ത മന്ത്രിയുടെ പ്രവർത്തനങ്ങൾ എൽഡിഎഫ് ക്യാമ്പിൽ വലിയ ആത്മവിശ്വാസം നൽകുന്നു.
ഒരു ദിവസം കുറഞ്ഞത് 15 കുടുംബയോഗങ്ങളിലെങ്കിലും പങ്കെടുത്ത്, ജനങ്ങളുമായി നേരിട്ട് സംവദിക്കുക എന്നതാണ് മന്ത്രിയുടെ പ്രചാരണ രീതി. കോഴിക്കോട് ജില്ലയിലെ മുഴുവൻ നിയമസഭാ മണ്ഡലങ്ങളിലും അദ്ദേഹം പര്യടനം നടത്തുന്നുണ്ട്. 13 മണ്ഡലങ്ങളിലെയും കുടുംബയോഗങ്ങൾ പൂർത്തിയാകുമ്പോൾ 15,000-ത്തിലധികം പേരെ നേരിട്ട് കണ്ടു സംസാരിക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ. ഓഫീസ് ഫയലുകൾ, സ്ഥാനാർത്ഥി പര്യടനങ്ങൾ, പാർട്ടി യോഗങ്ങൾ എന്നിവയ്ക്കിടയിലും ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്ന ഈ ‘സൈലന്റ് കാമ്പയിൻ’ മറ്റു പൊതുപ്രവർത്തകർക്ക് മാതൃകയാക്കാവുന്നതാണ്.
പ്രചാരണത്തിന്റെ ഓരോ ദിവസവും ആരംഭിക്കുന്നത് തിരഞ്ഞെടുപ്പ് അവലോകന യോഗത്തിലാണ്. ഇന്നലെവരെയുള്ള പ്രവർത്തനങ്ങൾ കൃത്യമായി വിലയിരുത്തി, ആവശ്യമായ മാറ്റങ്ങൾ നിർദ്ദേശിച്ച്, അടുത്ത ഘട്ട പരിപാടികൾക്ക് രൂപം നൽകിയ ശേഷമാണ് അദ്ദേഹം കുടുംബയോഗങ്ങളിലേക്ക് തിരിക്കുന്നത്. ഓരോ കുടുംബയോഗങ്ങളിലും പ്രസംഗിക്കുന്നതിനൊപ്പം ഓരോ വ്യക്തിയെയും നേരിൽ കണ്ട് സംസാരിക്കാൻ മന്ത്രി സമയം കണ്ടെത്തുന്നു.
പെൻഷൻ 2000 രൂപയാക്കിയതിലുള്ള സന്തോഷം മുഖ്യമന്ത്രിയെ അറിയിക്കാൻ അടുത്തേക്ക് വന്ന ചിരുതയമ്മയുമായുള്ള റിയാസിന്റെ കൂടിക്കാഴ്ച ശ്രദ്ധേയമായിരുന്നു. ജനങ്ങളുടെ നിറഞ്ഞ സന്തോഷം എൽഡിഎഫ് പ്രവർത്തകർക്ക് ഊർജ്ജം നൽകുന്നുണ്ടെന്ന് മന്ത്രിയുടെ വാക്കുകൾ വ്യക്തമാക്കുന്നു.ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ വിശ്രമമില്ലാതെ ഇത്രയധികം ജനങ്ങളെ നേരിട്ട് കണ്ട് പ്രചാരണത്തിൽ ഏർപ്പെടുന്ന മുഹമ്മദ് റിയാസിന്റെ രീതി, താഴെത്തട്ടിലുള്ള എൽഡിഎഫ് പ്രവർത്തകർക്ക് വലിയ ആത്മവിശ്വാസവും പ്രചോദനവുമാണ് നൽകുന്നത്.



