തിരുവനന്തപുരം: വഞ്ചിയൂരിൽ മുതിർന്ന അഭിഭാഷകൻ ബെയ്ലിൻ ദാസിന്‍റെ മര്‍ദനത്തിനിരയായ ജൂനിയര്‍ അഭിഭാഷക ശ്യാമിലിയെ സന്ദര്‍ശിച്ച് നിയമ മന്ത്രി പി രാജീവ്. വഞ്ചിയൂര്‍ കോടതിക്ക് മുന്നിലുള്ള ഓഫീസിലെത്തിയാണ് മന്ത്രി അഭിഭാഷകയെ കണ്ടത്. ഗൗരവമേറിയ സംഭവമാണ് നടന്നതെന്നും സർക്കാർ എല്ലാവിധ പിന്തുണയും അഭിഭാഷകക്ക് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
നമ്മുടെ നാട്ടിൽ സംഭവിക്കാൻ പാടില്ലാത്തതാണ് നടന്നത്. കേരളത്തിൽ കേട്ടുകേൾവില്ലാത്ത സംഭവമാണ് ശ്യാമിലിയുടെ കാര്യത്തിൽ ഉണ്ടായത്. കുറ്റവാളിയെ ഉടൻ പിടികൂടുമെന്നും മന്ത്രി ഉറപ്പു നൽകി. നിയമവകുപ്പ് വിഷയം ബാർ കൗൺസിലിന്‍റെയും ശ്രദ്ധയിൽപ്പെടുത്തും. അച്ചടക്ക നടപടി വേണമെന്ന സർക്കാർ ബാർ കൗൺസിലിനോട് ആവശ്യപ്പെടും.
അതേസമയം പ്രതിയെ രക്ഷപ്പെടാൻ സഹായിച്ചവരും നിയമത്തിന്‍റെ പരിധിയിൽ വരണം. അതോടൊപ്പം അഭിഭാഷക സമൂഹം മുഴുവൻ മര്‍ദനമേറ്റ അഭിഭാഷകക്കൊപ്പം നിൽക്കണം. പോലീസിനെ തടഞ്ഞത് തെറ്റായ നടപടിയാണ്. മര്‍ദനമേറ്റ സംഭവത്തിൽ ജാമ്യമില്ലാ വകുപ്പ് ചുമത്തി പോലീസ് കേസെടുത്തിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. നിലവിൽ പ്രതിയായ ബെയ്ലിൻ ദാസ് ഒളിവിലാണ്.
ബെയ്ലിൻ ദാസിനെ ആറുമാസത്തേക്ക് ബാര്‍ കൗണ്‍സിലിൽ നിന്ന് സസ്പെന്‍ഡ് ചെയ്യാൻ തീരുമാനമായി. ഇതുസംബന്ധിച്ച ഔദ്യോഗിക അറിയിപ്പും ഉടൻ പുറത്തുവിടും. സസ്പെന്‍ഡ് ചെയ്താൽ അതുവരെ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യാനാകില്ല. നേരത്തെ ബെയ്ലിൻ ദാസിനെ ബാര്‍ അസോസിയേഷൻ സസ്പെന്‍ഡ് ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് ബാര്‍ കൗണ്‍സിലിന്‍റെയും നടപടി.






