തിരുവനന്തപുരം∙ മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ശമ്പളവും മറ്റ് ആനുകൂല്യങ്ങളും വര്‍ധിപ്പിക്കുന്നതിനുള്ള ബില്‍ ഈ നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കാന്‍ സാധ്യതയില്ലെന്നു സൂചന. ഹൈക്കോടതി റിട്ട. ജഡ്ജി ജസ്റ്റിസ് സി.എന്‍.രാമചന്ദ്രന് നായര്‍ കമ്മിഷന്റെ ശുപാര്‍ശ അടങ്ങിയ ഫയല്‍ മന്ത്രിസഭയുടെ പരിഗണനയ്ക്ക് എത്തിയെങ്കിലും തല്ക്കാലം നടപടി വേണ്ടെന്ന് മുഖ്യമന്ത്രി നിർദേശിക്കുകയായിരുന്നു.
ഇപ്പോള്‍ ശമ്പളവര്‍ധന വേണ്ടെന്നു മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞു. തദ്ദേശ-നിയമസഭ തിരഞ്ഞെടുപ്പുകള്‍ അടുത്തിരിക്കെ ശമ്പളം വര്‍ധിപ്പിക്കുന്നത് പൊതുജനാഭിപ്രായം എതിരാക്കുമെന്നു ചൂണ്ടിക്കാട്ടിയാണ് നടപടി. രാഷ്ട്രീയ കക്ഷികള്‍ എല്ലാം ശമ്പളവര്‍ധനവിന് അനുകൂലമാണ്. ഇതു സംബന്ധിച്ച ബില്‍ കൊണ്ടുവരുന്നതിനോട് യോജിക്കുമെന്ന് പ്രതിപക്ഷം സ്പീക്കറെ അറിയിച്ചിരുന്നു. നിലവിലെ ശമ്പളവും ആനുകൂല്യവും മണ്ഡലത്തിലെ ചെലവുകള്‍ക്കു തികയുന്നില്ലെന്നാണ് എംഎല്‍എമാരുടെ പക്ഷം.
2018-ലായിരുന്നു മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ശമ്പളവും മറ്റാനുകൂല്യങ്ങളും വർധിപ്പിച്ചത്. 35 ശതമാനം വരെ വര്‍ധനയാണ് ജസ്റ്റിസ് സി.എന്‍.രാമചന്ദ്രന് നായര്‍ കമ്മിഷന് ശുപാര്‍ശ ചെയ്തിരിക്കുന്നത്. 2018ല്‍ എംഎല്‍എമാരുടെ ശമ്പളം, മണ്ഡലം അലവന്‍സ്, ടെലിഫോണ്‍ അലവന്‍സ്, യാത്രാബത്ത തുടങ്ങിയവ 39,500 രൂപയില്‍നിന്ന് 70,000 രൂപയാക്കി ഉയര്‍ത്തിയിരുന്നു. മന്ത്രിമാരുടെ ശമ്പളം 55,012-ല്‍നിന്ന് 97,429 രൂപയായും ഉയര്‍ത്തി.






