ഹൈദരാബാദ്: രണ്ട് മാസം മുൻപ് ഫിൻലൻഡിൽ കാണാതായ തെലങ്കാന സ്വദേശി മനിദീപ് റെഡ്ഡി (18)യുടെ മൃതദേഹം കടലിൽ കണ്ടെത്തി. ഹെൽസിങ്കിയിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് ഫിൻലൻഡ് പൊലീസ് അറിയിച്ചു.
ലാപ്പീന്റാന്റ-ലാഹ്തി ടെക്‌നിക്കൽ യൂണിവേഴ്‌സിറ്റിയിൽ സോഫ്റ്റ്‌വെയർ ആൻഡ് സിസ്റ്റംസ് എൻജിനീയറിങ് വിദ്യാർഥിയായിരുന്നു മനിദീപ്. മെയ് 5-ന് ഹെൽസിങ്കിയിലെ ഒരു സൂപ്പർ മാർക്കറ്റിൽ വെച്ചാണ് അവസാനമായി വിദ്യാർഥിയെ കണ്ടത്. അന്നേ ദിവസം ട്രെയിനിൽ ഹെൽസിങ്കിയിലെത്തിയതായും പൊലീസ് കണ്ടെത്തിയിരുന്നു.
ജൂലൈ 9-ന് കടലിൽ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിനൊപ്പം ഉണ്ടായിരുന്ന ഫിന്നിഷ് ഐഡി കാർഡ്, ബാങ്ക് കാർഡ്, ഇന്ത്യൻ രൂപ എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരിച്ചറിഞ്ഞത്.
സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും നിലവിൽ കുറ്റകൃത്യത്തിന്റെ സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നും ഫിൻലൻഡ് പൊലീസ് അറിയിച്ചു.
അതേസമയം, മരണത്തിൽ ദുരൂഹതയുണ്ടെന്ന് മനിദീപിന്റെ കുടുംബം ആരോപിച്ചു. പൊലീസ് അന്വേഷണം ശരിയായ രീതിയിൽ നടന്നില്ലെന്നും ചില വിവരങ്ങൾ മറച്ചുവെക്കാൻ ശ്രമിച്ചുവെന്നും കുടുംബം പറഞ്ഞു.
മനിദീപിനെ മെയ് 5-ന് കാണാതായെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ മെയ് 9-നും 10-നും വിദ്യാർഥിയുടെ സർവകലാശാല അക്കൗണ്ടിൽ ലോഗിൻ നടന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും അത് അന്വേഷിച്ചില്ലെന്നുമാണ് കുടുംബത്തിന്റെ ആരോപണം. ലോഗിൻ നടന്ന ഐ.പി. വിലാസങ്ങൾ പരിശോധിച്ചുവരികയാണെന്ന് ഫിൻലൻഡ് അധികൃതർ അറിയിച്ചു.











