തിരുവനന്തപുരം: നെഹ്റു ട്രോഫി വള്ളംകളിയുടെ സമ്മാനത്തുക സർക്കാർ വൻതോതിൽ വർധിപ്പിച്ചു. ഇനി ഒന്നാം സമ്മാനം നേടുന്ന ചുണ്ടൻവള്ളത്തിന് 25 ലക്ഷം രൂപ ലഭിക്കും. രണ്ടാം സമ്മാനമായി 20 ലക്ഷം രൂപയും മൂന്നാം സമ്മാനമായി 15 ലക്ഷം രൂപയും നൽകും. നിലവിൽ ഒന്നാം സമ്മാനമായി 5 ലക്ഷം രൂപയായിരുന്നു നൽകിയിരുന്നത്. വള്ളംകളിക്കുള്ള സർക്കാർ ഗ്രാന്റും വർധിപ്പിച്ചു. രണ്ട് കോടി രൂപയായാണ് സർക്കാർ ഗ്രാന്റ് ഉയർത്തിയത്.
1952-ൽ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു ആലപ്പുഴ സന്ദർശിച്ചപ്പോഴാണ് നെഹ്റു ട്രോഫി വള്ളംകളിയുടെ തുടക്കം. അദ്ദേഹത്തിന്റെ സന്ദർശനത്തോടനുബന്ധിച്ച് പുന്നമടക്കായലിൽ വള്ളംകളി മത്സരം സംഘടിപ്പിച്ചിരുന്നു.
വള്ളംകളിയിലെ ആവേശവും തുഴച്ചിലുകാരുടെ പ്രകടനവും കണ്ട് ആകർഷിതനായ നെഹ്റു, പിന്നീട് ഡൽഹിയിൽ നിന്ന് വെള്ളിയിൽ നിർമ്മിച്ച ട്രോഫി സമ്മാനമായി അയച്ചുനൽകി. പിന്നീട് അത് ‘നെഹ്റു ട്രോഫി’ എന്ന പേരിൽ പ്രശസ്തമായി.












