കൊച്ചി: ആറുമാസം പ്രായമുള്ള കുഞ്ഞിന് പ്രതിരോധ കുത്തിവെപ്പിനിടെ മരുന്ന് അമിത അളവിൽ നൽകിയെന്ന പരാതിയിൽ ആലുവ ജില്ലാ ആശുപത്രിയിലെ ഡോക്ടർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഡോക്ടർ ഹബ്‌ന റുബ്ഷിയക്കെതിരെയാണ് ആലുവ വെസ്റ്റ് പൊലീസ് കേസെടുത്തത്.
കുഞ്ഞിന്റെ മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഇമ്മ്യൂണൈസേഷൻ വാക്‌സിൻ നൽകുന്നതിനിടെ മരുന്ന് ഓവർഡോസായി നൽകിയതിനെ തുടർന്ന് കുഞ്ഞിന് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായെന്നാണ് പരാതിയിൽ പറയുന്നത്.
ചികിത്സയ്ക്ക് ശേഷം കുഞ്ഞ് അപകടനില തരണം ചെയ്തതോടെയാണ് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയത്. പരാതി സ്വീകരിച്ച പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
മരുന്ന് നൽകുന്നതിനിടെ വീഴ്ച സംഭവിച്ചോയെന്നും ചികിത്സാ നടപടികളിൽ അശ്രദ്ധ ഉണ്ടായിട്ടുണ്ടോയെന്നും ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിച്ചാണ് തുടർനടപടികൾ സ്വീകരിക്കുകയെന്ന് പൊലീസ് അറിയിച്ചു.


