കൊല്ലം: സുഹൃത്തുക്കൾക്കൊപ്പം മീൻപിടിക്കാനെത്തിയ യുവാവിനെ ആറ്റുതീരത്തെ ഉപയോഗശൂന്യമായ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ശാസ്താംകോട്ട പനപ്പെട്ടി കിഴക്ക് അജിത്ത് ഭവനിൽ യശോധരന്റെയും ശ്യാമളയുടെയും മകനായ അജിത്ത് (22) ആണ് മരിച്ചത്. അഗ്നിരക്ഷാസേനയും പൊലീസും ചേർന്ന് നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹം പുറത്തെടുത്തത്.
വെള്ളിയാഴ്ച ഉച്ചയോടെയാണ് സമീപവാസികളും സുഹൃത്തുക്കളുമായ സൂര്യജിത്ത്, ശ്യാം, ഷൈജു എന്നിവർക്കൊപ്പം അജിത്ത് അന്തമണിൽ കല്ലടയാറ്റിന്റെ തീരത്തെത്തിയത്. ശുദ്ധജല വിതരണ പദ്ധതിക്കായി നിർമിച്ചെങ്കിലും ഇപ്പോൾ ഉപയോഗശൂന്യമായ കിണറിന് സമീപത്ത് മറ്റുള്ളവർ മീൻപിടിക്കുന്നതിനിടെ അജിത്ത് ഫോണിൽ സംസാരിച്ചുകൊണ്ട് നടക്കുകയായിരുന്നുവെന്ന് സുഹൃത്തുക്കൾ പൊലീസിനോട് മൊഴി നൽകി.
അൽപസമയത്തിനുശേഷം വെള്ളത്തിൽ എന്തോ വീഴുന്ന ശബ്ദം കേട്ടെങ്കിലും തുടർന്ന് അജിത്തിനെ കാണാനായില്ലെന്നാണ് സുഹൃത്തുക്കൾ പറയുന്നത്. ഏറെ നേരം തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനാകാതിരുന്നതോടെ അവർ സ്ഥലത്തുനിന്ന് മടങ്ങി. സംഭവത്തെക്കുറിച്ച് ഉടൻ ആരെയും അറിയിച്ചിരുന്നില്ല.
രാത്രിയായിട്ടും അജിത്ത് വീട്ടിലെത്താതിരുന്നതിനെ തുടർന്ന് അമ്മ ശാസ്താംകോട്ട പൊലീസിൽ പരാതി നൽകി. അന്വേഷണത്തിനിടെ അജിത്ത് കിണറ്റിൽ വീണിരിക്കാമെന്ന സൂചന ലഭിച്ചതോടെ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ അറ്റൻഡറായി ജോലി ചെയ്തിരുന്ന അജിത്ത് അവിവാഹിതനാണ്. മൃതദേഹം കൊട്ടാരക്കര താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.




