ന്യൂഡൽഹി: ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ ജീവനക്കാരുണ്ടായിരുന്ന ചരക്കുകപ്പലിന് നേരെ ആക്രമണം നടന്നു. സൈപ്രസ് പതാകയുള്ള ജിഎഫ്എക്സ് ഗാലക്‌സി എന്ന കപ്പലാണ് ആക്രമണത്തിന് ഇരയായത്. കപ്പലിലുണ്ടായിരുന്ന 11 ഇന്ത്യൻ ജീവനക്കാരിൽ ഒരാളെ കാണാതായി. പത്ത് പേരെ സുരക്ഷിതമായി രക്ഷപ്പെടുത്തി.
സംഭവത്തെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു. ഒമാനിലെ ഇന്ത്യൻ എംബസി സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്. ഒമാൻ അധികൃതരുമായി ചേർന്ന് രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയാണെന്നും അവരുടെ സഹകരണത്തിന് നന്ദി അറിയിക്കുന്നുവെന്നും മന്ത്രാലയം വ്യക്തമാക്കി.
അതേസമയം, വെടിനിർത്തൽ കരാറിൽ നിന്ന് അമേരിക്ക പിന്മാറിയതിന് പിന്നാലെ ഗൾഫ് മേഖലയിൽ സംഘർഷം രൂക്ഷമായി. ഞായറാഴ്ച പുലർച്ചെ യുഎഇ, കുവൈത്ത്, ഖത്തർ, ബഹ്റൈൻ എന്നീ രാജ്യങ്ങളെ ലക്ഷ്യമിട്ട് ഇറാൻ മിസൈലും ഡ്രോണും ഉപയോഗിച്ച് ആക്രമണം നടത്തിയതായി റിപ്പോർട്ടുകളുണ്ട്.
ഖത്തറിൽ നടന്ന ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ഇതിൽ ഒരു കുഞ്ഞും ഉൾപ്പെടുന്നതായി ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഒമാനിലെ മുസണ്ടം ഗവർണറേറ്റിലും ഡ്രോൺ ആക്രമണം ഉണ്ടായതായി ഒമാൻ സ്ഥിരീകരിച്ചു.
കുവൈറ്റിലെ പേട്രിയറ്റ് വ്യോമ പ്രതിരോധ സംവിധാനം, വെടിമരുന്ന് ശാല, അമേരിക്കൻ റഡാർ കേന്ദ്രം എന്നിവ തകർത്തതായി ഇറാൻ അവകാശപ്പെട്ടു. എന്നാൽ, തങ്ങളുടെ ആകാശപരിധിയിൽ എത്തിയ മിസൈലുകളും ഡ്രോണുകളും തടഞ്ഞുവെന്നും കാര്യമായ നാശനഷ്ടമോ ആളപായമോ ഉണ്ടായിട്ടില്ലെന്നും ഗൾഫ് രാജ്യങ്ങൾ അറിയിച്ചു.




