കൊച്ചി: ലഹരിക്കെതിരായ കേരള പൊലീസിന്റെ ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിക്ക് പിന്തുണയുമായി നടൻ മോഹൻലാൽ. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് അദ്ദേഹം ജനങ്ങളോട് ലഹരിക്കെതിരെ ശക്തമായ സന്ദേശം നൽകിയത്.
“നാർക്കോട്ടിക്സ് ഈസ് എ ഡേർട്ടി ബിസിനസ്” എന്ന തന്റെ സിനിമകളിലെ പ്രശസ്ത ഡയലോഗ് ഓർമ്മിപ്പിച്ചാണ് മോഹൻലാൽ വീഡിയോ തുടങ്ങുന്നത്. മുമ്പ് ‘ഇരുപതാം നൂറ്റാണ്ടി’ലും ‘ലൂസിഫറി’ലും ഈ ഡയലോഗ് പറഞ്ഞിരുന്നെങ്കിലും, ഇപ്പോൾ മോഹൻലാൽ എന്ന വ്യക്തിയായാണ് അത് പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ലഹരി ഉപയോഗിക്കുന്നവരോട് അത് ഉപേക്ഷിക്കാൻ അദ്ദേഹം അഭ്യർഥിച്ചു. സ്വന്തം ജീവിതത്തിനും കുടുംബത്തിനും സമൂഹത്തിനും വേണ്ടി ലഹരി ഉപയോഗം അവസാനിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ലഹരി വിൽപ്പന നടത്തുന്നവരോടും മോഹൻലാൽ മുന്നറിയിപ്പ് നൽകി. ഈ പ്രവർത്തനം ഉടൻ അവസാനിപ്പിക്കണമെന്നും കേരള പൊലീസ് നിങ്ങളുടെ പിന്നാലെയുണ്ടെന്നും ഇനി മാപ്പില്ലെന്നും അദ്ദേഹം പറഞ്ഞു.
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായ താനും ഒരു “തൂഫാൻ വാരിയർ” ആണെന്ന് പറഞ്ഞ മോഹൻലാൽ, ലഹരി മാഫിയക്കെതിരെ എല്ലാവരും ഒരുമിച്ച് പോരാടണമെന്നും “Say No to Drugs” എന്ന സന്ദേശത്തോടെയാണ് വീഡിയോ അവസാനിപ്പിച്ചത്.






