ന്യൂഡല്‍ഹി: ഡല്‍ഹി ഹൈക്കോടതി ജസ്റ്റിസായിരുന്ന യശ്വന്ത് വര്‍മയുടെ വീട്ടില്‍ പണം കണ്ടെത്തിയ സംഭവത്തില്‍ പേഴ്സണല്‍ സ്റ്റാഫ് അംഗത്തിന്റെ പങ്ക് സംശയിച്ച് അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട്. കത്തിക്കരിഞ്ഞ നോട്ടുക്കെട്ടുകളുടെ ബാക്കി ജസ്റ്റിസ് വര്‍മയുടെ വീട്ടില്‍നിന്ന് മാറ്റിയത് പേഴ്സണല്‍ സ്റ്റാഫ് അംഗമാണെന്ന സൂചനയാണ് റിപ്പോര്‍ട്ടിലുള്ളത്.
സുപ്രീംകോടതിയുടെ ആഭ്യന്തര അന്വേഷണ സമിതി ചീഫ് ജസ്റ്റിസിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇത് സംബന്ധിച്ച് സൂചനയുള്ളത്. ജസ്റ്റിസ് വര്‍മയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളുടെ അടക്കം മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു.
ഇതിനിടെ സുപ്രീംകോടതി ആഭ്യന്തര അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ട് ചീഫ് ജസ്റ്റിസ് രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും കൈമാറിയിട്ടുണ്ട്. സ്ഥാനമൊഴിയാന്‍ ജസ്റ്റിസ് വര്‍മ തയ്യാറാകാത്ത സാഹചര്യത്തിലാണ് ഈ നീക്കമെന്നാണ് വിവരം. ഇനി ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരാണ് തുടര്‍നടപടി എടുക്കേണ്ടത്.






