കൊച്ചി: ദേശീയപാത വികസന പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിൽ നിന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കി. ഇന്ന് കൊച്ചിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിലാണ് മന്ത്രിയുടെ പേര് ക്ഷണിതാക്കളുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ലാത്തത്. ചടങ്ങിലേക്ക് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരായ എം.ബി. രാജേഷ്, കെ. കൃഷ്ണൻകുട്ടി എന്നിവർക്കും ക്ഷണം നൽകിയിട്ടുണ്ട്. എന്നാൽ മുഖ്യമന്ത്രി പരിപാടിയിൽ പങ്കെടുക്കില്ലെന്നാണ് വിവരം.
കേന്ദ്ര മന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ, എംപിമാരായ ബെന്നി ബഹനാൻ, ഹൈബി ഈഡൻ, എംഎൽഎ ഉമ തോമസ് എന്നിവരും ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ടിട്ടുണ്ട്. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും പരിപാടിയിൽ പങ്കെടുക്കും. സംസ്ഥാനത്ത് ദേശീയപാത 66 ആറുവരിയാക്കുന്ന പദ്ധതിയിലെ ആദ്യമായി പൂർത്തിയായ തലപ്പാടി– ചെങ്കള റീച്ച് പ്രധാനമന്ത്രി ഇന്ന് രാഷ്ട്രത്തിന് സമർപ്പിക്കും. 39 കിലോമീറ്റർ ദൈർഘ്യമുള്ള ഈ റോഡ് മുംബൈ– കന്യാകുമാരി ഇക്കണോമിക് കോറിഡോറിന്റെ ഭാഗമാണ്.
കൂടാതെ 2,140 കോടി രൂപ ചെലവിൽ നവീകരിച്ച വെങ്ങളം മുതൽ രാമനാട്ടുകര വരെ ഉള്ള കോഴിക്കോട് ബൈപ്പാസ് റോഡും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഇതോടൊപ്പം പ്രധാനമന്ത്രി ഗ്രാമ സഡക് യോജന പദ്ധതിയിൽ നിർമിച്ച 23 ഗ്രാമീണ റോഡുകളും ഉദ്ഘാടനം ചെയ്യും.




