കാസർകോട്: പെൺകുട്ടികളുടെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ നിന്ന് ശേഖരിച്ച് മോർഫ് ചെയ്ത് അശ്ലീല ചിത്രങ്ങളാക്കി പ്രചരിപ്പിച്ച കേസിൽ രണ്ടാം പ്രതി അറസ്റ്റിൽ. മലപ്പുറം പുഴക്കാട്ടിരി സ്വദേശി നികേത് (24)നെയാണ് കാസർകോട് സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്. മോർഫ് ചെയ്ത ചിത്രങ്ങൾ ടെലഗ്രാം ഗ്രൂപ്പുകൾ വഴിയാണ് പ്രചരിപ്പിച്ചതെന്ന് പൊലീസ് അറിയിച്ചു. കേസിലെ ഒന്നാം പ്രതിയായ കാസർകോട് ഇരിയണ്ണി സ്വദേശി അനൂപിനെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അനൂപ് കൈമാറിയ പെൺകുട്ടികളുടെ ചിത്രങ്ങൾ നികേത് മോർഫ് ചെയ്ത് അശ്ലീല ചിത്രങ്ങളാക്കിയതായി കണ്ടെത്തിയത്. സെപ്റ്റംബർ 25ന് മലപ്പുറം പുഴക്കാട്ടിരിയിലെത്തിയാണ് പൊലീസ് നികേതിനെ കസ്റ്റഡിയിലെടുത്തത്.
സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ രാജീവൻ കെ.യുടെ നിർദേശപ്രകാരം എസ്‌ഐ നൗഷാദ് ടി.ടി., എസ്‌സിപിഒമാരായ സുധീഷ് പി.വി., സവാദ് അഷറഫ്, സിപിഒ വിപിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ ഒക്ടോബർ 9 വരെ റിമാൻഡ് ചെയ്തു. കേസുമായി ബന്ധപ്പെട്ട ഡിജിറ്റൽ ഉപകരണങ്ങൾ, ഇലക്ട്രോണിക് രേഖകൾ, ടെലഗ്രാം ഗ്രൂപ്പുകളിലെ വിവരങ്ങൾ എന്നിവ പൊലീസ് ശേഖരിച്ചുവരികയാണ്. കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.


