ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഭാര്യയെയും രണ്ട് പെണ്‍മക്കളെയും മരിച്ച നിലയിൽ കണ്ടെത്തി. യുവാവ് കൊലപ്പെടുത്തിയതായാണ് സംശയം. കരാവല്‍ നഗര്‍ പ്രദേശത്ത് വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു സംഭവം. ശനിയാഴ്ച രാവിലെയാണ് അയല്‍വാസികള്‍ വീടിനുള്ളില്‍ 28-കാരിയായ ജയശ്രീയെയും അവരുടെ അഞ്ചും ഏഴും വയസ്സുള്ള രണ്ട് പെണ്‍മക്കളെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവത്തിന് ശേഷം ജയശ്രീയുടെ ഭർത്താവ് പ്രദീപ് ഒളിവിലാണ്.
മൃതദേഹം കണ്ട അയൽവാസികളാണ് പോലീസില്‍ വിവരമറിയിച്ചത്. ജയശ്രീയും ഭര്‍ത്താവ് പ്രദീപും തമ്മില്‍ തര്‍ക്കങ്ങള്‍ നിലനിന്നിരുന്നതായും ഇതാകാം കൊലപാതകത്തില്‍ കലാശിച്ചതെന്നും പോലീസ് പറയുന്നു. കൊലപാതകത്തിന് പിന്നിലെ യഥാര്‍ത്ഥ കാരണവും എങ്ങനെ കൊലപ്പെടുത്തി എന്നതും വ്യക്തമല്ല.
പ്രദീപിനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇയാളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് പോലീസ് പറഞ്ഞു. ഫോറന്‍സിക് സംഘം സംഭവസ്ഥലത്തുനിന്ന് തെളിവുകള്‍ ശേഖരിച്ചു. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചിരിക്കുകയാണെന്നും റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകൂവെന്നും പോലീസ് അറിയിച്ചു.




