ചെന്നൈ: കിണറ്റിലേക്ക് ചാടിയ ഭിന്നശേഷിക്കാരിയായ മകളെ അമ്മ സാഹസികമായി രക്ഷപ്പെടുത്തി. തമിഴ്നാട്ടിലെ നമ്പിയൂർ അയ്യങ്കാട്ടുത്തോട്ടം ഊഞ്ചപ്പാളയം സ്വദേശിയായ മുത്തുമണിയാണ് മകൾ ദിവ്യയെ അപകടത്തിൽ നിന്ന് രക്ഷിച്ചത്.
മുത്തുമണി–സുന്ദരം ദമ്പതികളുടെ മകളായ ദിവ്യ അപ്രതീക്ഷിതമായി വീട്ടുവളപ്പിലെ ആഴമുള്ള കിണറ്റിലേക്ക് ചാടുകയായിരുന്നു. സംഭവം കണ്ടയുടൻ മറ്റൊന്നും ചിന്തിക്കാതെ മുത്തുമണി വെള്ളം നിറഞ്ഞ കിണറ്റിലേക്ക് ചാടുകയായിരുന്നു. മകളെ ചേർത്തുപിടിച്ച് കിണറ്റിനുള്ളിലെ കയറിൽ പിടിച്ചുനിന്നു. തുടർന്ന് സഹായത്തിനായി നിലവിളിക്കുകയും ചെയ്തു.
ശബ്ദം കേട്ട് സമീപവാസികൾ ഉടൻ സ്ഥലത്തെത്തി പോലീസിനെയും അഗ്നിരക്ഷാസേനയെയും വിവരം അറിയിച്ചു. രക്ഷാസേന എത്തി ഏറെ ശ്രമത്തിനൊടുവിൽ അമ്മയെയും മകളെയും സുരക്ഷിതമായി പുറത്തെടുത്തു. തുടർന്ന് ഇരുവരെയും സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



