ന്യൂഡൽഹി: പാൽ വില വർധിപ്പിച്ച് ഇന്ത്യയിലെ മുൻനിര പാൽ വിതരണക്കാരായ മദർ ഡയറി. ഉൽപ്പാദനച്ചെലവിലെ വർദ്ധനവ് ഭാഗികമായി നികത്തുന്നതിന് വേണ്ടിയാണ് പുതിയ തീരുമാനം. ലിറ്ററിന് രണ്ട് രൂപ വരെയാണ് വർദ്ധിപ്പിച്ചത്. പുതുക്കിയ നിരക്കുകൾ ഇന്നലെ മുതൽ നിലവിൽ വന്നു. ലിറ്ററിന് 4-5 രൂപ വരെ സംഭരണച്ചെലവ് വർദ്ധിച്ചതായാണ് റിപ്പോർട്ട്.
സ്വന്തം ഔട്ട്‌ലെറ്റുകൾ വഴിയും ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾ വഴിയും മദർ ഡയറി പ്രതിദിനം 35 ലക്ഷം ലിറ്റർ പാൽ വിൽക്കുന്നതായാണ് കണക്കുകൾ. ഉപഭോക്താക്കൾക്ക് ഗുണമേന്മയുള്ള പാൽ നൽകുന്നതിനൊപ്പം കൃത്യമായ വേതനം നൽകി കർഷകരെ പിന്തുണയ്ക്കാൻ വില പരിഷ്കരണം സഹായിക്കുമെന്നും കമ്പനി അറിയിച്ചു. ഉപഭോക്താക്കൾ നൽകുന്ന വിലയുടെ 75 മുതൽ 80 ശതമാനം മദർ ഡയറി പാൽ ഉത്പാദകർക്ക് കൈമാറുന്നുണ്ട്.






