ആലപ്പുഴ: മകനും കുടുംബവും വീട്ടിൽ നിന്ന് ഇറക്കിവിട്ടതായി അമ്മ നൽകിയ പരാതിയെ തുടർന്ന് രാഷ്ട്രീയ വിവാദം ഉയർന്നു.ദേവികുളങ്ങര ഗ്രാമപ്പഞ്ചായത്ത് മുൻ പ്രസിഡന്റും സി.പി.എം. പുതുപ്പള്ളി ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായ എസ്. പവനനാഥനെതിരേയാണ് അമ്മ വിമലാമണി സി.പി.എം. ഏരിയ, ജില്ലാ കമ്മിറ്റികൾക്ക് പരാതി നൽകിയത്.
വീടും സ്ഥലവും തട്ടിയെടുത്ത് തന്നെ പട്ടിണിയിലാക്കിയെന്നും മർദിച്ചെന്നുമാണ് പരാതിയിൽ ആരോപിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കായംകുളം പോലീസിൽ പരാതി നൽകിയിട്ടും കേസെടുത്തില്ലെന്നും അവർ ആരോപിച്ചു.
ഭർത്താവ് സോമനാഥന്റെ മരണശേഷം മകൻ പവനനാഥനോടൊപ്പമാണ് വിമലാമണി താമസിച്ചിരുന്നത്. ദമ്പതികളുടെ രണ്ട് പെൺമക്കളും കുടുംബത്തിലുണ്ട്. മകന്റെ ബിസിനസ് ആവശ്യങ്ങൾക്കും ബാധ്യതകൾ തീർക്കുന്നതിനുമായി തന്റെയും ഭർത്താവിന്റെയും പേരിലുണ്ടായിരുന്ന 12 സെന്റ് സ്ഥലവും വീടും പണയപ്പെടുത്തിയിരുന്നുവെന്നും, പിന്നീട് അത് തിരിച്ചെടുത്തെങ്കിലും തന്റെ അറിവില്ലാതെ സ്വത്ത് മകന്റെയും ഭാര്യയുടെയും പേരിലേക്ക് മാറ്റിയതായും വിമലാമണി ആരോപിക്കുന്നു.
കൂടാതെ, വീട്ടിൽ താമസിക്കാൻ അനുവദിക്കാതെ മകനും മരുമകളും ചേർന്ന് തന്നെ ഇറക്കിവിടുന്ന സാഹചര്യമുണ്ടായിരുന്നുവെന്നും, തന്നെ കാണാനെത്തിയ മകളെ മകനും കുടുംബവും ആക്രമിച്ചതായും പരാതിയിൽ പറയുന്നു.
എന്നാൽ, അമ്മയെ ഇറക്കിവിട്ടിട്ടില്ലെന്നും കൂടെ താമസിക്കുന്നതിൽ എതിർപ്പില്ലെന്നും എസ്. പവനനാഥൻ ‘മാതൃഭൂമി’യോട് പ്രതികരിച്ചു. അമ്മ സ്വന്തം ഇഷ്ടപ്രകാരമാണ് സഹോദരിക്കൊപ്പം താമസിക്കുന്നതെന്നും, ബാഹ്യപ്രേരണയാലാണ് ആരോപണങ്ങളെന്നും അദ്ദേഹം പറഞ്ഞു.




