തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തീപിടുത്തം ഉണ്ടായിട്ട് ഒരു മാസം പിന്നിട്ടിട്ടും ഐസിയു ഇതുവരെ പൂർണ്ണമായി പ്രവർത്തന സജ്ജമായിട്ടില്ലെന്ന് റിപ്പോർട്ട്. താൽക്കാലികമായി സജ്ജീകരിച്ച ഐസിയുകളിൽ തന്നെയാണ് ഇപ്പോഴും രോഗികളെ ചികിത്സിക്കുന്നത്. തുണി കെട്ടി മറച്ച നിലയിലാണ് ഈ ഐസിയുകൾ പ്രവർത്തിക്കുന്നതെന്ന വിവരവും പുറത്തുവന്നു.
മാർച്ച് 17-നാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മൾട്ടി സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗത്തിൽ തീപിടുത്തം ഉണ്ടായത്. സംഭവത്തിന് പിന്നാലെ രോഗികളെ താൽക്കാലിക ഐസിയുവിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ ഒരു മാസം കഴിഞ്ഞിട്ടും സ്ഥിരം ഐസിയു പുനഃസ്ഥാപിക്കാത്തത് ഗുരുതരമായ പ്രതിസന്ധിയാണെന്ന് ചൂണ്ടിക്കാട്ടി ജനറൽ സർജറി വിഭാഗം മേധാവി മെഡിക്കൽ കോളേജ് സൂപ്രണ്ടിന് കത്ത് നൽകിയിട്ടുണ്ട്.
താൽക്കാലിക ഐസിയുവിന്റെ സുരക്ഷാ സംവിധാനങ്ങളിൽ ആശങ്കകൾ ഉയരുന്നുണ്ട്. രോഗികളുടെ സുരക്ഷയെക്കുറിച്ചും ഇവിടെ ലഭിക്കുന്ന പരിചരണ നിലവാരത്തെക്കുറിച്ചും ചോദ്യങ്ങൾ ഉയരുന്ന സാഹചര്യമാണ്. ഇതിനെ തുടർന്ന് ഐസിയു ഉടൻ തന്നെ പ്രവർത്തനക്ഷമമാക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചതായി റിപ്പോർട്ടുണ്ട്.




