ന്യൂജേഴ്സി: ആഫ്രിക്കൻ ശക്തികളായ സെനഗലിനെതിരെ ആധികാരിക ജയം സ്വന്തമാക്കി ഫ്രാൻസ് ലോകകപ്പിലെ തങ്ങളുടെ വരവറിയിച്ചു. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു ഫ്രഞ്ച് ടീമിന്റെ വിജയം. ഇരട്ട ഗോളുകളുമായി ക്യാപ്റ്റൻ കിലിയൻ എംബാപ്പെ തിളങ്ങിയപ്പോൾ, പകരക്കാരനായി ഇറങ്ങിയ ബ്രാഡ്‌ലി ബാർകോളയും സ്കോർ പട്ടികയിൽ ഇടം നേടി.
മത്സരഫലം ഫ്രാൻസിന് അനുകൂലമായിരുന്നെങ്കിലും സെനഗൽ യൂറോപ്യൻ വമ്പന്മാർക്കെതിരെ ശക്തമായ പോരാട്ടമാണ് കാഴ്ചവെച്ചത്. എന്നിരുന്നാലും താരസമ്പന്നമായ ഫ്രഞ്ച് നിര ആദ്യ മത്സരത്തിൽ തന്നെ മികച്ച പ്രകടനം പുറത്തെടുത്തത് ടീമിന് വലിയ ആത്മവിശ്വാസം നൽകുന്നുണ്ട്.
ഫ്രാൻസിന്റെ വിജയത്തിൽ നിർണായക പങ്കുവഹിച്ചത് 24-കാരനായ മൈക്കിൾ ഒലിസെയായിരുന്നു. ബുണ്ടസ് ലീഗ് ക്ലബ്ബായ ബയേൺ മ്യൂണിക്കിനായി കളിക്കുന്ന താരം മത്സരത്തിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടു. എംബാപ്പെയുടെ ഇരുഗോളുകൾക്കും വഴിയൊരുക്കിയത് ഒലിസെയായിരുന്നു.
ആദ്യ ഗോളിൽ വലതുവിംഗിൽ നിന്ന് പ്രതിരോധനിരയെ കീറിമുറിച്ചുള്ള ഒലിസെയുടെ കൃത്യമായ ത്രൂ ബോൾ എംബാപ്പെയിലേക്ക് എത്തി. രണ്ടാം ഗോളിനും ഒലിസെയുടെ മുന്നേറ്റം തന്നെ വഴിയൊരുക്കി. മധ്യനിരയിൽ നിന്ന് പന്തുമായി മുന്നേറി എംബാപ്പെയ്ക്ക് നൽകിയ പാസ് താരം മനോഹരമായ ദീർഘദൂര ഷോട്ടിലൂടെ വലയിലെത്തിക്കുകയായിരുന്നു.
ഗോൾ അവസരങ്ങൾ സൃഷ്ടിക്കുന്നതിലും ഒലിസെ മികവ് പുലർത്തി. രണ്ട് നിർണായക അവസരങ്ങൾ സൃഷ്ടിച്ച താരം ആറ് ഡുവലുകളിൽ വിജയിക്കുകയും ചെയ്തു. 8.0 റേറ്റിങ്ങോടെ മത്സരം പൂർത്തിയാക്കിയ ഒലിസെ ഫ്രാൻസിന്റെ ആക്രമണങ്ങളുടെ പ്രധാന ആയുധമായിരുന്നു.
ലമീൻ യമാൽ, എംബാപ്പെ, ലയണൽ മെസി, ബ്രൂണോ ഫെർണാണ്ടസ്, വിറ്റിഞ്ഞ, ഉസ്മാൻ ഡെംബലെ തുടങ്ങിയവരോടൊപ്പം ഈ ലോകകപ്പിലെ ശ്രദ്ധേയ താരങ്ങളിലൊരാളാകാനുള്ള സാധ്യത ഒലിസെ ആദ്യ മത്സരത്തിലൂടെ തന്നെ തെളിയിച്ചു.
കഴിഞ്ഞ സീസണിൽ ബയേൺ മ്യൂണിക്കിനായി ബുണ്ടസ് ലീഗിൽ 32 മത്സരങ്ങളിൽ നിന്ന് 15 ഗോളുകളും 19 അസിസ്റ്റുകളും നേടിയ ഒലിസെ, ചാമ്പ്യൻസ് ലീഗിൽ 13 മത്സരങ്ങളിൽ നിന്ന് അഞ്ച് ഗോളുകളും ആറ് അസിസ്റ്റുകളും സ്വന്തമാക്കിയിരുന്നു.




