തൃശ്ശൂര്‍: വടക്കാഞ്ചേരി ബസ് സ്റ്റാൻഡിൽ സ്വകാര്യ ബസിൽ കയറാനായി വിദ്യാർഥികൾ കണ്ടക്ടറോട് യാചിക്കുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി ചർച്ചയാകുന്നു. ബസിൽ നാല് വിദ്യാർഥികളെ മാത്രം കയറ്റി യാത്ര ആരംഭിച്ച ശേഷം, മറ്റ് വിദ്യാർഥികളെ എത്ര ആവശ്യപ്പെട്ടിട്ടും കയറ്റാൻ തയ്യാറാകാതിരുന്നതാണ് വിവാദമായത്.
കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ച പ്രിയദർശിനി പദ്ധതി നടപ്പാക്കിയതിന്റെ പേരിൽ സ്വകാര്യ ബസ് ജീവനക്കാർ വിദ്യാർഥികളോട് പ്രതികാര മനോഭാവം കാണിക്കുകയാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
സംഭവത്തിനെതിരെ എസ്എഫ്‌ഐ ശക്തമായി രംഗത്തെത്തി. വടക്കാഞ്ചേരിയിലെ സംഭവം ഒറ്റപ്പെട്ടതല്ലെന്നും വിദ്യാർഥികളുടെ യാത്രാ അവകാശം സംരക്ഷിക്കാൻ സർക്കാർ കൂടുതൽ ശക്തമായ നിയമനിർമാണവും അതിന്റെ കർശനമായ പാലനവും ഉറപ്പാക്കണമെന്നും എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് ആവശ്യപ്പെട്ടു.
“ഓരോ അധ്യയന വർഷാരംഭത്തിലും സ്വകാര്യ ബസ് ഓപ്പറേറ്റർമാരുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ വിദ്യാർഥികൾ നേരിടേണ്ടിവരുന്നു. കൺസഷൻ ഔദാര്യമല്ല, വിദ്യാർഥികളുടെ അവകാശമാണ്. കേരളത്തിലെ ബസ് സ്റ്റാൻഡുകളിൽ വിദ്യാർഥികൾക്കായി എസ്എഫ്‌ഐ ഉണ്ടാകും. വിദ്യാർഥികളോടുള്ള ഈ ക്രൂരത അവസാനിപ്പിക്കണം. ബസ് ഉടമകളും തൊഴിലാളികളും അവരുടെ പ്രശ്നങ്ങൾ സർക്കാരിനോടാണ് ഉന്നയിക്കേണ്ടത്. അതിൽ കുട്ടികൾ എന്ത് തെറ്റാണ് ചെയ്തത്?” എന്ന് സഞ്ജീവ് ചോദിച്ചു.
വടക്കാഞ്ചേരിയിൽ വിദ്യാർഥികളെ ബസിൽ കയറുന്നതിൽ നിന്ന് തടഞ്ഞ നടപടി പൊതുസമൂഹത്തിന് അംഗീകരിക്കാനാകില്ലെന്ന് എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എം. ശിവപ്രസാദും പ്രതികരിച്ചു.
“സർക്കാർ നയങ്ങൾ മൂലമുണ്ടാകുന്ന സാമ്പത്തിക നഷ്ടം നികത്താൻ വിദ്യാർഥികളെ ചൂഷണം ചെയ്യാനോ അവരുടെ മേൽ സമ്മർദം ചെലുത്താനോ ഒരു ബസ് ഉടമയെയും അനുവദിക്കില്ല. ഇത്തരം നടപടികൾക്കെതിരെ ശക്തമായ പ്രതിഷേധമുണ്ടാകും. പൊതുനിരത്തുകളിലൂടെയാണ് സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നതെന്ന കാര്യം ബസ് ഉടമകൾ ഓർക്കണം,” എന്നും അദ്ദേഹം പറഞ്ഞു.




