കോഴിക്കോട്: ഹരിത കർമസേനയുടെ സമരത്തിനിടെ കോട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് സുജാതയ്ക്ക് ദേഹാസ്വാസ്ഥ്യം. ഹരിത കർമസേനാംഗങ്ങൾ പ്രസിഡന്റിനെ വഴിയിൽ തടഞ്ഞതായാണ് ആരോപണം. തുടർന്ന് സുജാതയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഹരിത കർമസേനയിൽ വനിതയെ ഡ്രൈവറായി നിയമിച്ചതുമായി ബന്ധപ്പെട്ടാണ് കഴിഞ്ഞ പത്ത് ദിവസമായി അംഗങ്ങൾ കുത്തിയിരിപ്പ് സമരം നടത്തുന്നത്. മതിയായ പരിചയമില്ലാത്തവരെയാണ് ഡ്രൈവർമാരായി നിയമിച്ചതെന്നാണ് സമരക്കാരുടെ പരാതി.
തിങ്കളാഴ്ച ഹരിത കർമസേനാംഗങ്ങളുടെ സമരത്തിന് ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രവർത്തകർ ഐക്യദാർഢ്യം പ്രഖ്യാപിച്ച് എത്തിയിരുന്നു. ഇതിനിടെയാണ് പഞ്ചായത്ത് പ്രസിഡന്റിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.




