കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ 16 ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച് കടന്നുകളഞ്ഞ യുവതിയെ കണ്ടെത്തി. പത്തനംതിട്ട സീതത്തോട് സ്വദേശിനിയായ പ്രവാസി യുവതിയെയാണ് പൊലീസ് കണ്ടെത്തിയത്.
പ്രസവ വിവരം വീട്ടുകാർ അറിയാതിരുന്ന യുവതി സുഹൃത്തിന്റെ സഹായത്തോടെയാണ് കോഴിക്കോട് മെഡിക്കൽ കോളേജിലെത്തിയത്. സുഹൃത്ത് ഏർപ്പാടാക്കിയ സഹായിയുടെ കൈയിൽ കുഞ്ഞിനെ ഏൽപ്പിച്ച ശേഷം യുവതി ആശുപത്രിയിൽ നിന്ന് കടന്നുകളയുകയായിരുന്നു.
ആശുപത്രിയിൽ നൽകിയ വിലാസം തെറ്റായിരുന്നുവെന്നും യുവതി വയനാട് സ്വദേശിയെന്നാണ് അറിയിച്ചിരുന്നതെന്നും അധികൃതർ വ്യക്തമാക്കി. ഓഗസ്റ്റ് എട്ടിനാണ് യുവതി ആശുപത്രിയിൽ എത്തിയത്. 12ന് ആശുപത്രിയിൽ നിന്ന് പോയി.
യുവതിയുമായി അടുപ്പമുള്ള ഒരു സ്ത്രീയാണ് ആശുപത്രിയിൽ കുഞ്ഞിനൊപ്പം ഉണ്ടായിരുന്നത്. കുഞ്ഞിന് അസുഖമാണെന്ന് പറഞ്ഞ് ഈ സ്ത്രീയെ വീണ്ടും വിളിച്ചുവരുത്തിയ ശേഷം കുഞ്ഞിനെ ഏൽപ്പിച്ച് അമ്മ പോകുകയായിരുന്നു.
സംഭവത്തിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് യുവതിയെ പത്തനംതിട്ട സീതത്തോട് നിന്ന് കണ്ടെത്തിയത്. ഇവരെ കോഴിക്കോട് എത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. അതേസമയം, കുഞ്ഞിനെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്.



