തിരുവനന്തപുരം: ബാലരാമപുരത്തിന് സമീപം നടന്ന വാഹനാപകടത്തിൽ മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥൻ മരിച്ചു. കല്ലിയൂർ പെരിങ്ങമ്മല സ്വദേശി എസ്. മധു (47) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്കാണ് അപകടം ഉണ്ടായത്. ബാലരാമപുരം ഉച്ചക്കക്കട റോഡിലെ സിസിലിപുരം റോഡിൽ വെച്ചാണ് സംഭവം. വിഴിഞ്ഞം ഭാഗത്ത് നിന്ന് ബാലരാമപുരം ഭാഗത്തേക്ക് വന്ന കാർ, എതിർദിശയിൽ വന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ മധു റോഡിലേക്ക് തെറിച്ചുവീണു. തലയ്ക്കും ശരീരത്തും ഗുരുതരമായി പരിക്കേറ്റു. നാട്ടുകാർ ഉടൻ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വഴുതയ്ക്കാട് ട്രാൻസ്പോർട്ട് കമ്മീഷണറേറ്റിൽ ജോലി ചെയ്തിരുന്ന മധു, തെരഞ്ഞെടുപ്പ് ബൂത്ത് ലെവൽ ഓഫീസറായും സേവനം അനുഷ്ഠിച്ചിരുന്നു. വിഴിഞ്ഞം പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. കാർ ഡ്രൈവറെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഭാര്യ: സൗമ്യ (സഹകരണ വകുപ്പ്) മകൾ: സാഫല്യ.




