തിരുവനന്തപുരം: പരിശീലന പറക്കലിനിടെ അടിയന്തരമായി തിരുവനന്തപുരം വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്ത ബ്രിട്ടീഷ് യുദ്ധ വിമാനം എഫ് 35 ബി ‘പാര്‍സല്‍ ചെയ്യാന്‍’ നീക്കമെന്ന് റിപ്പോര്‍ട്ട്. രണ്ടാഴ്ചയിലധികമായി തിരുവനന്തപുരത്ത് തുടരുന്ന വിമാനത്തിന്റെ സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് ബ്രിട്ടണ് മറ്റ് വഴികള്‍ തേടുന്നത്. വിമാനം അഴിച്ചുമാറ്റി പ്രത്യേക വിമാനത്തില്‍ തിരികെ കൊണ്ട് പോകാനുള്ള നീക്കങ്ങള്‍ തുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
വിമാനം പലഭാഗങ്ങളാക്കി പൊളിച്ച് നീക്കി തിരികെ കൊണ്ട് പോകാനാണ് നീക്കം. ഇതിനായി ബ്രിട്ടീഷ് നേവിയുടെ വലിയ വിമാനം എത്തിക്കും. വിമാനം ലാന്‍ഡ് ചെയ്ത വകയില്‍ ഇന്ത്യയ്ക്ക് നല്‍കാനുള്ള പാര്‍ക്കിങ്, ഹാങ്ങര്‍ ഫീസുകള്‍ ഉള്‍പ്പെടെ ഒടുക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
അറബിക്കടലിലെ സൈനികാഭ്യാസത്തിനെത്തിയ എച്ച്എംഎസ് പ്രിന്‍സ് ഓഫ് വെയില്‍സ് എന്ന യുദ്ധക്കപ്പലില്‍നിന്നു പറന്നുയര്‍ന്ന എഫ്-35, ഇന്ധനക്കുറവുണ്ടായതിനെ തുടര്‍ന്ന് ജൂണ്‍ 14-ാം തീയതി രാത്രിയാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറക്കിയത്. അടിയന്തര ലാന്‍ഡിങ്ങിനിടെ ഉണ്ടായ യന്ത്രതകരാര്‍ പരിഹരിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ വിമാനം തിരുവനന്തപുരത്ത് തുടരുകയാണ്.






