കൊല്ലം: കൊല്ലം ചടയമംഗലത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു. കുരിയോട് ഭാഗത്ത് ഇന്ന് പുലർച്ചെ 5.30ഓടെയായിരുന്നു സംഭവം. ബസിന്റെ മുൻ ടയറിലാണ് യാത്രയ്ക്കിടെ തീപിടിത്തമുണ്ടായത്.
പുനലൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് സർവീസ് നടത്തുകയായിരുന്ന ബസിൽ അപകടസമയത്ത് എട്ട് യാത്രക്കാരാണ് ഉണ്ടായിരുന്നത്. ബസിന്റെ മുൻഭാഗത്ത് നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഡ്രൈവർ ഉടൻ വാഹനം റോഡരികിൽ നിർത്തി യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കി.
വിവരമറിയിച്ചതിനെ തുടർന്ന് കടയ്ക്കൽ അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീ പൂർണമായും അണച്ചു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. തീപിടിത്തത്തിന്റെ കാരണം സംബന്ധിച്ച് കൂടുതൽ അന്വേഷണം നടക്കുകയാണ്.




