കൊച്ചി: വീര്യം കൂടിയ ഹോർട്ടി വൈൻ വിൽക്കാൻ അനുമതി ലഭിച്ച സംഭവത്തിൽ പ്രതികരണവുമായി ചാലക്കുടിയിലെ എംആർസി ബേക്കറി ഉടമ. ചട്ടവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും വിൽപ്പനയ്ക്ക് തടസ്സമുണ്ടാകുമെന്ന് അറിഞ്ഞിരുന്നെങ്കിൽ ഇത്തരമൊരു കാര്യത്തിന് പിന്നാലെ പോകില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, വൈൻ വിൽപ്പന തുടങ്ങിയിട്ടില്ലെന്നും ഏഴ് കെയ്സ് സ്റ്റോക്ക് ഇറക്കിയിട്ടുണ്ടെന്നും ഉടമ വ്യക്തമാക്കി.
ഹോർട്ടി വൈനിന്റെ വീര്യം 10 ശതമാനത്തിൽ താഴെയാണെന്നാണ് ബേക്കറി ഉടമയുടെ വിശദീകരണം. ചാലക്കുടിയിലെ കെഎസ്ബിസിയിൽ നിന്നാണ് വൈൻ എത്തിച്ചതെന്നും എക്സൈസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
2025 നവംബറിലാണ് ഇതുമായി ബന്ധപ്പെട്ട രേഖകളുടെ നടപടികൾ പൂർത്തിയാക്കിയതെന്ന് ബേക്കറി ഉടമ പറഞ്ഞു. ജൂണിലാണ് ലൈസൻസ് ലഭിച്ചത്. എന്നാൽ ഇപ്പോഴാണ് വൈൻ എത്തിക്കുന്നതിന് അനുമതി ലഭിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു.
മൂന്നോ നാലോ ദിവസത്തിനകം വിൽപ്പന ആരംഭിക്കാനാകുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ വിൽപ്പനയ്ക്കുള്ള അനുമതി റദ്ദാക്കിയതായി അധികൃതർ അറിയിച്ചിട്ടില്ലെന്നും വാർത്തകളിലൂടെയാണ് വിവാദത്തെക്കുറിച്ച് അറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. “വിൽക്കാൻ പറഞ്ഞാൽ വിൽക്കും, ഇല്ലെങ്കിൽ വിൽക്കില്ല” എന്ന നിലപാടാണ് ഉടമ സ്വീകരിച്ചത്.
പഴച്ചാറിൽനിന്നാണ് ഹോർട്ടി വൈൻ നിർമിക്കുന്നതെന്നും സംസ്കരണത്തിലൂടെയാണ് വീര്യം വർധിപ്പിക്കുന്നതെന്നും ബേക്കറി ഉടമ വിശദീകരിച്ചു. താൻ മാത്രം ഈ സംരംഭം ആരംഭിച്ചാൽ മറ്റുള്ളവരും സമാനമായ രീതിയിൽ മുന്നോട്ടുവരാമെന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യപ്രശ്നങ്ങളുണ്ടാക്കാത്ത ഉൽപ്പന്നം ആളുകൾക്ക് ലഭ്യമാക്കാൻ താൻ നിമിത്തമായാൽ അതിൽ തെറ്റില്ലെന്ന നിലപാടും ഉടമ പങ്കുവച്ചു. എന്നാൽ ഹോർട്ടി വൈൻ വിൽപ്പന സംബന്ധിച്ച സർക്കാർ നിലപാടും അനുമതിയുടെ വ്യവസ്ഥകളും വ്യക്തമായശേഷമേ തുടർനടപടികൾ സ്വീകരിക്കൂവെന്നാണ് നിലവിലെ സാഹചര്യം സൂചിപ്പിക്കുന്നത്.




