ആലപ്പുഴ: തണ്ണീർമുക്കത്ത് വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചിരുന്നയാളെ കിടപ്പുമുറിയിൽ തലയ്ക്ക് പരുക്കേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. തണ്ണീർമുക്കം കരീക്കാട് വേലിക്കകത്ത് വീട്ടിൽ സന്തോഷ് (53) ആണ് മരിച്ചത്. സംഭവത്തിൽ മുഹമ്മ പൊലീസ് കൊലപാതകത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
തലയ്ക്ക് പിന്നിൽ ഇടതുചെവിക്ക് സമീപമുണ്ടായ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പൊലീസ് അറിയിച്ചത്. ഇന്നലെ രാവിലെ ഏഴോടെയാണ് കട്ടിലിൽ കമഴ്ന്നുകിടക്കുന്ന നിലയിൽ സന്തോഷിനെ കണ്ടെത്തിയത്.
സന്തോഷിനെതിരെ ലഭിച്ച പരാതിയുമായി ബന്ധപ്പെട്ട് പൊലീസ് ഫോണിൽ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. തുടർന്ന് പൊലീസ് വീട്ടിലെത്തിയപ്പോഴാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. തലയിലും ചെവിക്ക് പിന്നിലും മുറിവുണ്ടായിരുന്നു. ഇടതുകാലിലും ചെറിയ പരുക്കുണ്ടായിരുന്നു.
വീടിന്റെ വാതിൽ തുറന്ന നിലയിലായിരുന്നു. മുറിക്കുള്ളിൽ ഒടിഞ്ഞ നിലയിലുള്ള മുളവടിയും കണ്ടെത്തി. സംഭവസ്ഥലത്ത് ആലപ്പുഴയിൽ നിന്നുള്ള വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും പരിശോധന നടത്തി. വീടിന് സമീപത്തെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്.
തടിപ്പണിക്കാരനായിരുന്ന സന്തോഷ് കഴിഞ്ഞ രണ്ട് വർഷമായി വീട്ടിൽ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. ഭാര്യ സുനിതയും മക്കളായ സ്വർണ സന്തോഷ്, സൂര്യ പണിക്കർ, സാരംഗ് പണിക്കർ എന്നിവരും ഭാര്യയുടെ വീട്ടിലാണ് താമസിക്കുന്നത്. സമീപവാസികളുമായി സന്തോഷിന് വലിയ അടുപ്പമുണ്ടായിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം സമീപവാസിയായ പെൺകുട്ടിയോട് മോശമായി സംസാരിച്ചെന്ന പരാതിയിൽ പെൺകുട്ടിയുടെ വീട്ടുകാർ പൊലീസിനെ സമീപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ശനിയാഴ്ച സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നെങ്കിലും സന്തോഷ് എത്തിയില്ല. തുടർന്ന് പൊലീസ് വീട്ടിലെത്തുകയായിരുന്നു.
ജില്ലാ പൊലീസ് മേധാവി ടി.കെ. വിഷ്ണുപ്രദീപ്, ചേർത്തല ഡിവൈഎസ്പി മഞ്ജുലാൽ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. ചേർത്തല സർക്കിൾ ഇൻസ്പെക്ടർ മഞ്ജുദാസിനാണ് അന്വേഷണച്ചുമതല. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി.




