കോഴിക്കോട്: മുക്കം നഗരസഭയിലെ സ്‌ഥാനാർഥി നിർണയം അന്തിമഘട്ടത്തിൽ. മൂന്ന് മുന്നണികളും പോർക്കളത്തിനുള്ള പോരാട്ട തന്ത്രങ്ങളുമായി നേരത്തെ തന്നെ സജീവമായിട്ടുണ്ട്.
വികസന പ്രവർത്തനങ്ങൾ അക്കമിട്ട് അവതരിപ്പിച്ച് എൽ.ഡി.എഫ് വീണ്ടും തിരിച്ച് വരവിനുള്ള തന്ത്രങ്ങളുമായി പ്രവർത്തനങ്ങൾ തുടങ്ങി കഴിഞ്ഞു. അതേസമയം എൽ.ഡി.എഫിൻ്റെ വികസന മുരടിപ്പുകൾ നിരത്തി വെച്ച് ഇത്തവണ നഗരസഭ പിടിക്കാൻ യുഡി എഫും ശക്തമായ പ്രചാരണ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞതോടെ മുക്കം ശക്തമായ തെരഞ്ഞെടുപ്പ് ചൂടിലേക്കെന്ന് വ്യക്തം.
മലയോര കർഷക മേഖലയായ ഇവിടെ കാർഷിക വിളകൾക്കും, കർഷകർക്കും നേരിടേണ്ടി വരുന്ന അതിരൂക്ഷമായ കാട്ടുപന്നി ശല്യത്തെ നേരിടുന്നതിൽ നഗരസഭാ അധികൃതരുടെ ഭാഗത്ത് നിന്ന് കാര്യമായ നടപടികൾ ഉണ്ടായില്ലെന്ന ആക്ഷേപം യു.ഡി.എഫ് പ്രചാരണ ആയുധമാക്കുന്നുണ്ട്. സ്വതന്ത്ര കർഷക സംഘടനയായ കിഫയുടെ നേതൃത്വത്തിൽ നടത്തിയ പ്രക്ഷോഭ സമരങ്ങളും തെരഞ്ഞടുപ്പിൽ അനുകൂല കാറ്റ് വീശിയടിക്കുമെന്ന പ്രതീക്ഷ യു.ഡി.എഫ് കേന്ദ്രങ്ങളിലുണ്ട്
ഇത്തവണയും ഭരണ തുടർച്ച നടത്താനുള്ള ഊർജ്ജിത പ്രവർത്തനങ്ങളുമായി എൽ.ഡി.എഫ് സജീവമായിക്കഴിഞ്ഞു. കഴിഞ്ഞ തവണ എൽ.ഡി.എഫും യു.ഡി.എഫ് പതിനഞ്ച് അംഗങ്ങൾ വീതം ബലാബലത്തിലെത്തിയപ്പോൾ യു.ഡി എഫ് വിമത സ്ഥാനാർഥിയാണ് ഭരണം പിടിക്കാൻ ഇടത് മുന്നണിയെ സഹായിച്ചത്. അത് കൊണ്ട് തന്നെ ഇത്തവണ ശക്തമായ ആധിപത്യം നിലനിർത്താനുള്ള പ്രവർത്തനങ്ങൾ കൂടുതൽ കരുത്തോടെ ചെയ്യാനുള്ള ഒരുക്കത്തിലാണ് എൽ.ഡി.എഫ്. നിലവിൽ മൂന്ന് മുന്നണികളും സീറ്റ് വിഭജന ചർച്ചകളുടെ അന്തിമ ഘട്ടത്തിലാണ്. ഇടത് മുന്നണിയുടെ ധാരണയിൽ 32 സീറ്റുകളിൽ സി.പി.എം, ഒരു വീതം സീറ്റുകളിൽ സി.പി.ഐയും, ആർ.ജെ.ഡിയും മത്സരിക്കും. പതിനാലാം ഡിവിഷനായ കുറ്റിപ്പാലയിലാണ് സി.പി.ഐ മത്സരിക്കുന്നതിനുള്ള ആലോചന.
വെൽഫെയർ പാർട്ടി നിലവിലുള്ള മൂന്ന് സീറ്റിലടക്കം നാല് സീറ്റുകളിൽ മത്സരിക്കാനാണ് ധാരണയിലുള്ളതെന്ന് അറിയുന്നു. ജില്ലയിൽ വെൽഫെയർ പാർട്ടിക്ക് വലിയ സ്വാധിനമുള്ള നഗരസഭയാണ് മുക്കം നഗരസഭ. പന്ത്രണ്ട് സീറ്റുകളിൽ വെൽഫെയർ പാർട്ടി സ്വന്തമായി സ്ഥാനാർഥികളെ നിർത്താനുള്ള ആലോചനയുള്ളതായും വിവരമുണ്ട്.
കോൺഗ്രസ്, മുസ്ലിം ലീഗ് സ്ഥാനാർഥികളുടെ പട്ടികയും അന്തിമഘട്ടത്തിലായി. എൻ.ഡി.എയും നിലവിലുള്ള സീറ്റുകളടക്കം ആദ്യഘട്ടമെന്ന നിലയിൽ പത്ത് സീറ്റുകളിൽ മത്സരിക്കാനുള്ള സ്ഥാനാർഥികളെ ഇന്നലെ വൈകിട്ട് നടന്ന യോഗത്തിൽ പ്രഖ്യാപിച്ചു. വാർഡ് പുനക്രമീകരണങ്ങൾക്ക് ശേഷം നഗരസഭയിൽ 33 സീറ്റുകൾ 34 ലേക്ക് ഉയർന്നിട്ടുണ്ട്. മുക്കം നഗരസഭയിൽ നിലവിൽ 33 ഡിവിഷനിൽ സി.പി.എം 15, കോൺഗ്രസ് 4, മുസ്ലിം ലീഗ് 8, വെൽഫെയർ പാർട്ടി 3, എൻ.ഡി.എ 2, സ്വാതന്ത്രൻ 1 എന്നിങ്ങനെയാണ് കക്ഷിനില.






