മൂന്നാർ: അസം സ്വദേശിനി കബിത ബോറ (22) കൊല്ലപ്പെട്ട സംഭവത്തിൽ വഴിത്തിരിവ്. യുവതി വിഷം കഴിച്ചല്ല മരിച്ചതെന്നും ഭർത്താവ് കൊലപ്പെടുത്തിയതാണെന്നും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. സംഭവത്തിൽ ജാർഖണ്ഡ് സ്വദേശി ഭർത്താവ് ജഗേശ്വർ കുമാർ ദാസിനെ (30) മൂന്നാർ പൊലീസ് അറസ്റ്റ് ചെയ്തു.പഴയ മൂന്നാറിലെ ലോഡ്ജിലാണ് കബിതയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഷാൾ ഉപയോഗിച്ച് കഴുത്തിൽ മുറുക്കിയും കഴുത്തുഞെരിച്ചുമാണ് കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. സംശയമാണ് കൊലപാതകത്തിന് പിന്നിലെന്നും പൊലീസ് വ്യക്തമാക്കി.
പ്രശ്നങ്ങൾ പറഞ്ഞുതീർക്കാമെന്ന് പറഞ്ഞാണ് ഇരുവരും ലോഡ്ജിൽ മുറിയെടുത്തത്. രണ്ട് ദിവസമായി ഇവിടെ താമസിച്ചുവരികയായിരുന്നു. ഇതിനിടെയാണ് കബിത കൊല്ലപ്പെട്ടത്.യുവതി വിഷം കഴിച്ചാണ് മരിച്ചതെന്നായിരുന്നു ഭർത്താവ് ആദ്യം പൊലീസിനോട് പറഞ്ഞത്. എന്നാൽ മരണത്തിൽ സംശയം തോന്നിയ പൊലീസ് വിശദമായ അന്വേഷണം നടത്തി. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ജഗേശ്വർ കുമാർ ദാസ് കുറ്റം സമ്മതിച്ചതായും പൊലീസ് അറിയിച്ചു.


