തിരുവനന്തപുരം: കാലം മാറുമ്പോ കാര്‍ മാറി ഹെലികോപ്റ്റര്‍ എടുക്കും, അതിനെന്താണ് കുഴപ്പമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരന്‍. മുഖ്യമന്ത്രി വി ഡി സതീശന്റെ ഹെലികോപ്റ്റര്‍ യാത്ര വിവാദമായതിനോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഹെലികോപ്റ്റര്‍ ഉപയോഗിക്കുന്നതിലൊന്നും ആരും വിമര്‍ശിച്ചിട്ടൊന്നുമില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഇങ്ങനെയല്ലല്ലോ പറഞ്ഞതെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനോട്, ഹെലികോപ്റ്റര്‍ ഉപയോഗിക്കുന്നതിലൊന്നും ആരും വിമര്‍ശിച്ചിട്ടില്ലല്ലോ എന്നാണ് മന്ത്രി മറുപടി നല്‍കിയത്. കഴിഞ്ഞ മുഖ്യമന്ത്രി ദുരിത കാല പ്രദേശങ്ങളില്‍ ഒരിക്കല്‍ പോയപ്പോള്‍ അന്നത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഒപ്പം പോയിരുന്നല്ലോ. അത് വല്യ അത്ഭുതമാണോ? സര്‍ക്കാരിന്റെ ഖജനാവില്‍ നിന്ന് കാശ് ചെലവായിട്ടുണ്ടോ? ഇല്ലല്ലോ, എന്നും മന്ത്രി പറഞ്ഞു.
ചികിത്സയില്‍ കഴിയുന്ന ഭാര്യാപിതാവിനെ കാണാന്‍ സര്‍ക്കാര്‍ വാടകയ്ക്കെടുത്ത ഹെലികോപ്റ്ററില്‍ സഞ്ചരിച്ച മുഖ്യമന്ത്രി വിഡി സതീശനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ രൂക്ഷവിമര്‍ശനമുയര്‍ന്നിരുന്നു.




