തിരുവനന്തപുരം: വെടിവച്ചാംകോവിലിൽ 17കാരൻ ശിവസൂര്യ കൊല്ലപ്പെട്ട സംഭവത്തിൽ ഗുരുതര ആരോപണങ്ങളുമായി കുടുംബം. പ്രതികൾ കരുതിക്കൂട്ടി നടത്തിയ ആക്രമണമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പിതാവ് സുരേഷ് കുമാറിന്റെ ആരോപണം.
“അബദ്ധത്തിൽ ചില്ല് ഗ്ലാസിൽ വീണതല്ല, ഗ്ലാസ് കഷ്ണങ്ങൾ ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തിയതാകാമെന്ന് സംശയിക്കുന്നു” എന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. മകനെ ലക്ഷ്യമിട്ട് പ്രതികൾ എത്തിയതാണെന്നും, നീതി ലഭിക്കാൻ ഏതറ്റം വരെയും പോകുമെന്നും പിതാവ് പറഞ്ഞു.
സംഭവ ദിവസം ഐടിഐ പ്രവേശനത്തിനായി അക്ഷയ സെന്ററിലേക്ക് പോയ ശിവസൂര്യ പിന്നീട് ചേതനയറ്റ നിലയിൽ ആശുപത്രിയിലെത്തുകയായിരുന്നു. വൈകിട്ട് വരെ ഫോൺ ബന്ധപ്പെടാനായില്ലെന്നും പിന്നീട് സുഹൃത്തുക്കളാണ് അപകടവിവരം അറിയിച്ചതെന്നും കുടുംബം പറയുന്നു.
ഒന്നര വർഷം മുൻപ് ടർഫ് ഗ്രൗണ്ടിൽ ഉണ്ടായ തർക്കം തുടർന്നുണ്ടായ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. പിന്നീട് സംഘം സ്കൂളിലെത്തി മകനെ മർദിച്ചതായും സഹോദരൻ ശിവകൃഷ്ണൻ പറയുന്നു.
അതേസമയം, കയ്യാങ്കളിക്കിടെ സമീപത്തെ കടയുടെ ചില്ല് വാതിലിലേക്ക് വീണതാണ് പരിക്കിന് കാരണമായതെന്നാണ് പൊലീസ് വിശദീകരണം. കേസിലെ എല്ലാ പ്രതികളെയും പൊലീസ് പിടികൂടി. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.






