അമ്പലപ്പുഴ: തോട്ടപ്പള്ളി ഒറ്റപ്പന സ്വദേശിനിയായ അറുപത്തിരണ്ടുകാരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി സൈനുലാബ്ദീനും ഭാര്യ അനീഷയും പൊലീസിന്റെ വലയിലായതു മോഷ്ടിച്ച മൊബൈൽ ഫോണിലെ സിം കാർഡ് മാറ്റി മറ്റൊന്ന് ഇടുന്നതിനിടയിൽ. കൊല്ലപ്പെട്ട സ്ത്രീയുമായി അടുപ്പമുണ്ടായിരുന്ന മണ്ണഞ്ചേരി അമ്പനാകുളങ്ങര പുത്തൻവീട്ടിൽ അബൂബക്കറിനെ പീഡനശ്രമം, കൊലപാതകം എന്നീ കുറ്റങ്ങൾ സമ്മതിച്ചതിനാൽ പൊലീസ് നേരത്തെ അറസ്റ്റു ചെയ്തിരുന്നു. റിമാൻഡിലായ അബൂബക്കറല്ല, മോഷണത്തിനെത്തിയ ദമ്പതികളാണു കൊലപാതകം നടത്തിയതെന്നു പിന്നീടാണ് പൊലീസ് കണ്ടെത്തിയത്.
മരിച്ച സ്ത്രീയുടെ കാണാതായ ഫോൺ നേരത്തെ അറസ്റ്റിലായ അബൂബക്കർ തട്ടിയെടുത്തു നശിപ്പിച്ചെന്നായിരുന്നു അതുവരെ പൊലീസിന്റെ നിഗമനം. അബൂബക്കർ അങ്ങനെ പൊലീസിനോടു സമ്മതിക്കുകയും ചെയ്തു. എന്നാൽ, മോഷ്ടിച്ച സ്വർണക്കമ്മലും ഫോണുമായി യഥാർഥ പ്രതികളായ സൈനുലാബ്ദീനും അനീഷയും സംഭവം നടന്ന 17നു പുലർച്ചെ തന്നെ കടന്നുകളഞ്ഞിരുന്നു. ഫോൺ ഓഫ് ചെയ്തിരുന്നു. ഇതേപ്പറ്റി അപ്പോൾ പൊലീസിന് ഒരു സൂചനയും ഉണ്ടായിരുന്നില്ല. എങ്കിലും കാണാതായ ഫോൺ കണ്ടെത്താനുള്ള ശ്രമം പൊലീസ് നടത്തുന്നുണ്ടായിരുന്നു. വെള്ളിയാഴ്ച രാത്രി ഈ ഫോൺ മറ്റൊരു സിം കാർഡ് ഇട്ടു പ്രവർത്തിപ്പിച്ചപ്പോൾ തന്നെ പൊലീസിനു വിവരം കിട്ടി. ഫോൺ മൈനാഗപ്പള്ളിയിലാണെന്നും കണ്ടെത്തി. കൊല്ലം പൊലീസിന്റെ സഹായത്തോടെ പ്രതികളെ പിടികൂടി.






