തിരുവനന്തപുരം: ടോട്ടൽ ഫോർ യു തട്ടിപ്പ് കേസിൽ നടി റോമയെ കോടതി വിസ്തരിച്ചു. ഇന്നലെ തിരുവനന്തപുരം എസിജെഎം കോടതിയിലാണ് നടിയെ വിസ്തരിച്ചത്. സാക്ഷിയായെത്തി മൊഴി നൽകുകയായിരുന്നു. ശബരിനാഥിൻ്റെ മ്യൂസിക് ആൽബത്തിൽ റോമ അഭിനയിച്ചിരുന്നു. ജനങ്ങളിൽ നിന്നും പറ്റിച്ച പണമെടുത്താണ് ശബരീനാഥ് മ്യൂസിക് ആൽബം നിർമിച്ചത്. ആ സമയത്ത് തന്റെ മാനേജറെ വിളിച്ച് തനിക്ക് കൃത്യമായ പ്രതിഫലം നൽകിയത് കൊണ്ടാണ് താൻ അഭിനയിച്ചതെന്ന് റോമ വ്യക്തമാക്കി.
അതിനപ്പുറത്തേക്ക് ഈ കമ്പനിയുമായി യാതൊരു ബന്ധവുമില്ല എന്ന് നടി കോടതിയിൽ മൊഴി നൽകി. ടോട്ടൽ ഫോർ യു തട്ടിപ്പ് കേസിലെ മുഖ്യ പ്രതിയായ ശബരീനാഥ് വീണ്ടും ഒരു അഭിഭാഷകനെ പറ്റിച്ചതുമായി ബന്ധപ്പെട്ട് വഞ്ചിയൂർ പൊലീസ് ഇന്ന് ഒരു കേസ് രജിസ്റ്റർ ചെയ്തു. നിലവിൽ ഒമ്പത് കേസുകളിൽ വിചാരണ നേരിടുന്നയാളാണ് ശബരിനാഥ്. ഓൺലൈൻ ട്രേഡിങ് എന്ന പേരിൽ പണം വാങ്ങി പറ്റിച്ചെന്നതാണ് പരാതി.








