കോഴിക്കോട്: മുസ്ലിം ലീഗ് നേതാവ് എം.കെ. മുനീറിന്റെ 49 ലക്ഷം രൂപയുടെ കടബാധ്യത തീർത്തു. കാലിക്കറ്റ് ടൗൺ സർവീസ് സഹകരണ ബാങ്കിലുണ്ടായിരുന്ന ബാധ്യതയാണ് അടച്ചത്. മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ അക്കൗണ്ടിൽ നിന്നാണ് പണം നൽകിയതെന്നാണ് വിവരം. ജപ്തിഭീഷണി സംബന്ധിച്ച വാർത്തകൾ പുറത്തുവന്നതിനു പിന്നാലെ ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും പി.കെ. കുഞ്ഞാലിക്കുട്ടിയും മുനീറിനെ ബന്ധപ്പെട്ടു വിവരങ്ങൾ അന്വേഷിച്ചിരുന്നു.
സി.എച്ച്. മുഹമ്മദ് കോയയുടെ വീട് എന്ന നിലയിൽ അറിയപ്പെടുന്ന നടക്കാവിലെ ക്രസന്റ് ഹൗസ് മുസ്ലിം ലീഗ് പ്രവർത്തകർക്ക് ഏറെ പ്രാധാന്യമുള്ളതാണ്. മുനീർ ഇപ്പോൾ താമസിക്കുന്ന ഈ വീട് മുൻപ് പാർട്ടിയുടെ കേന്ദ്രമായും പ്രവർത്തിച്ചിരുന്നു. മുമ്പ് ജാഫർഖാൻ കോളനിയിലെ സ്വന്തം വീട് കടബാധ്യത മൂലം വിറ്റശേഷമാണ് മുനീർ നടക്കാവിലെ വീട്ടിലേക്ക് മാറിയത്.






