സലിം കുമാർ എന്ന പേര് എക്കാലത്തും ഒരു കൗതുകമായിരുന്നു. അഞ്ചാം ക്ലാസ് വരെ താനൊരു മുസ്ലിമായിരുന്നു എന്ന സലിം കുമാറിന്റ വാക്കുകൾ അടുത്തിടെ വലിയ ചർച്ചയായതുമാണ്. സഹോദരൻ അയ്യപ്പനുമായി തനിക്കുള്ള ബന്ധത്തെ കുറിച്ചും അദ്ദേഹം സംസാരിച്ചിരുന്നു. സഹോദരൻ അയ്യപ്പന്റെ പോരാട്ടങ്ങൾ അന്നത്തെ ഈഴവ കുടുംബങ്ങളെ വലിയ രീതിയിൽ സ്വാധീനിച്ചിരുന്നു. അദ്ദേഹത്തിന്റെ പോരാട്ടങ്ങളിൽ ആകൃഷ്ടരായ അക്കാലത്തെ ചെറുപ്പക്കാർ അവരുടെ മക്കൾക്ക് ജാതി തിരിച്ചറിയാത്ത വിധം പേരുകളിട്ടെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. സലിം, നൗഷാദ്, ജലീൽ എന്നിങ്ങനെയൊക്കെ പേരുകളിട്ടു. ‘സലിം’ എന്ന തന്റെ പേര് തന്നെയാണ് സഹോദൻ അയ്യപ്പനുമായുള്ള തന്റെ ബന്ധമെന്നും അദ്ദേഹം അന്ന് പറഞ്ഞിരുന്നു.
‘കുമാർ’ എന്ന പേരിന് പിന്നിലും ഒരു കഥയുണ്ട്. തന്നെ ചിറ്റാറ്റുപുഴ എൽപിഎസിൽ ചേർക്കാനെത്തിയ അച്ഛനോട്, സലിം എന്നത് മുസ്ലിം പേരാണല്ലോ എന്നാണ് അധ്യാപകൻ ചോദിച്ചത്. അച്ഛന് ഇതിനെ കുറിച്ച് വലിയ ധാരണ ഉണ്ടായിരുന്നില്ല. തുടർന്ന് കുമാർ എന്നുകൂടി ചേർത്താൽ പേര് ശരിയാകുമെന്നും അധ്യാപകൻ പറഞ്ഞു. അങ്ങനെ അഞ്ചാം ക്ലാസ് വരെ മുസ്ലിമായിരുന്ന താൻ അഞ്ചാം ക്ലാസിന് ശേഷം വിശാല ഹിന്ദുവായെന്നുമായിരുന്നു സലിം കുമാറിന്റെ വാക്കുകൾ.






