മുംബൈ: ടാറ്റാ സണ്‍സ് ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖരന്‍ അപ്രതീക്ഷിതമായി രാജി പ്രഖ്യാപിച്ചതിന് പിന്നാലെ ഓഹരി വിപണിയില്‍ ടാറ്റാ ഗ്രൂപ്പിന് വന്‍ തിരിച്ചടി. നിഫ്റ്റിയിൽ കൂടുതൽ നഷ്ടം നേരിട്ട ഓഹരികളിൽ ടാറ്റാ ഗ്രൂപ്പിന്റെ കമ്പനികളാണ് മുന്നിൽ.
ടാറ്റാ കൺസൾട്ടൻസി സർവീസസിന്റെ (ടിസിഎസ്) ഓഹരി 4.55 ശതമാനം ഇടിഞ്ഞ് 2,336.90 രൂപയിലെത്തി. ടൈറ്റൻ കമ്പനി 1.3 ശതമാനവും ടാറ്റാ സ്റ്റീൽ 1.13 ശതമാനവും ഇന്ത്യൻ ഹോട്ടൽസ് കമ്പനി 1.04 ശതമാനവും താഴ്ന്നു. ടാറ്റാ ടെക്‌നോളജീസ്, ടാറ്റാ ഇൻവെസ്റ്റ്‌മെന്റ് കോർപ്പറേഷൻ, ടാറ്റാ മോട്ടോഴ്സ് പാസഞ്ചർ വെഹിക്കിൾസ് എന്നിവയുടെ ഓഹരികളും ഏകദേശം ഒരു ശതമാനം ഇടിഞ്ഞു.
ഓഗസ്റ്റ് 18ന് നടക്കുന്ന ടാറ്റാ സൺസിന്റെ വാർഷിക പൊതുയോഗത്തിൽ ചന്ദ്രശേഖരന്റെ കാലാവധി നീട്ടുന്നതുമായി ബന്ധപ്പെട്ട് ഓഹരി ഉടമകൾ വോട്ടെടുപ്പ് നടത്താനിരിക്കെയാണ് അപ്രതീക്ഷിത രാജി പ്രഖ്യാപനം. എജിഎമ്മിന് മുമ്പ് തന്നെ സ്ഥാനമൊഴിയാനുള്ള തീരുമാനം അദ്ദേഹം അടുത്ത സുഹൃത്തുക്കളുമായി പങ്കുവെച്ചിരുന്നതായും റിപ്പോർട്ടുകളുണ്ട്.
ടാറ്റാ ട്രസ്റ്റ് ചെയർമാൻ നോയൽ ടാറ്റ എതിർപ്പ് പ്രകടിപ്പിച്ചതിനെ തുടർന്ന് കഴിഞ്ഞ ഫെബ്രുവരിയിൽ ചന്ദ്രശേഖരന്റെ പുനർനിയമനം സംബന്ധിച്ച തീരുമാനം ടാറ്റാ സൺസ് മാറ്റിവെച്ചിരുന്നതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തിരുന്നു.
1987ലാണ് എൻ. ചന്ദ്രശേഖരൻ ടാറ്റാ ഗ്രൂപ്പിന്റെ ഭാഗമായത്. 2009ൽ ടിസിഎസ് സിഇഒയായ അദ്ദേഹം 2017ലാണ് ടാറ്റാ സൺസ് ചെയർമാൻ സ്ഥാനത്തെത്തിയത്. അദ്ദേഹത്തിന്റെ അപ്രതീക്ഷിത പിന്മാറ്റം ടാറ്റാ ഗ്രൂപ്പിൽ പുതിയ നേതൃമാറ്റത്തിനുള്ള വഴിയൊരുക്കുമെന്നാണ് വിലയിരുത്തൽ.




