കോഴിക്കോട്: ചാലിയാറിൽ മീൻപിടിക്കുന്നതിനിടെ തോണി മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മാവൂർ കുതിരാടം സ്വദേശി ബാസിലാണ് മരിച്ചത്. ഇന്നലെ അർധരാത്രിയോടെയായിരുന്നു അപകടം.
ബാസിലിനൊപ്പം തോണിയിലുണ്ടായിരുന്ന സുഹൃത്തുക്കൾ നീന്തി രക്ഷപ്പെട്ടിരുന്നു. തുടർന്ന് ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിലാണ് തോണി മറിഞ്ഞ അതേ സ്ഥലത്തുനിന്ന് ബാസിലിന്റെ മൃതദേഹം കണ്ടെത്തിയത്.
മൃതശരീരം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം പോസ്റ്റുമോർട്ടം നടത്തും. തുടർന്ന് മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.




