കായംകുളം: പട്ടാപ്പകൽ യുവതിയുടെ സ്വർണമാല പൊട്ടിച്ചെടുത്ത് സ്കൂട്ടറിൽ രക്ഷപ്പെടാൻ ശ്രമിച്ച മോഷ്ടാവിനെ യുവതി പിന്തുടർന്ന് പിടികൂടി. കറ്റാനം ഇലിപ്പക്കുളം കാരൂർ താഴ്ചയിൽ നെൽസൺ (30) ആണ് പിടിയിലായത്. കായംകുളം പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്ത് കേസെടുത്തു.
കൃഷ്ണപുരം കാപ്പിൽ കിഴക്ക് സ്വദേശിനിയും കൃഷ്ണപുരം ഗ്രാമപഞ്ചായത്ത് അംഗം റാം കിഷോറിന്റെ ഭാര്യയുമായ രജനി നടത്തുന്ന സ്ഥാപനത്തിലാണ് സംഭവം. ഗ്രാമപഞ്ചായത്തിന് സമീപം ബിൽഡിങ് പ്ലാൻ തയ്യാറാക്കുന്ന സ്ഥാപനത്തിൽ കാര്യങ്ങൾ ചോദിച്ചറിയാനെന്ന വ്യാജേനയാണ് പ്രതി എത്തിയത്. സംസാരിച്ചുനിൽക്കുന്നതിനിടെ പിന്നിൽനിന്ന് സ്ക്രൂഡ്രൈവർ ഉപയോഗിച്ച് രജനിയെ കുത്താൻ ശ്രമിച്ചു. ഇത് തടയുന്നതിനിടെയാണ് ഇയാൾ രജനിയുടെ കഴുത്തിലെ സ്വർണമാല പൊട്ടിച്ചെടുത്തത്.
മാലയുമായി സ്കൂട്ടറിൽ രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ രജനി പിന്തുടർന്ന് സ്കൂട്ടറിൽ പിടിച്ചുനിർത്തി. യുവതി പിടിവിടാത്തതിനെ തുടർന്ന് പ്രതി സ്കൂട്ടർ ഓടിച്ചുകൊണ്ട് രജനിയെ റോഡിലൂടെ വലിച്ചിഴച്ചു. കുറച്ചുദൂരം മുന്നോട്ട് പോയതോടെ സ്കൂട്ടറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് സമീപത്ത് പാർക്ക് ചെയ്തിരുന്ന കാറിൽ ഇടിച്ച് മറിഞ്ഞു. ബഹളം കേട്ടെത്തിയ നാട്ടുകാർ ഉടൻ പ്രതിയെ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. സംഭവത്തിൽ കായംകുളം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.




