കടന്നുവരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ എൽഡിഎഫ് ഭരണത്തുടർച്ച നേടുമെന്ന പ്രവചനവുമായി പ്രശസ്ത എഴുത്തുകാരൻ എൻ.എസ്.മാധവൻ. 75 സീറ്റുകൾ നേടി ഇടതുമുന്നണി അധികാരം നിലനിർത്തുമെന്നാണ് അദ്ദേഹത്തിന്റെ നിരീക്ഷണം. യുഡിഎഫ് 65 സീറ്റുകൾ വരെ നേടാമെന്നും എൻഡിഎ മുന്നണി പൂജ്യം മുതൽ മൂന്ന് സീറ്റുകൾ വരെ നേടാൻ സാധ്യതയുണ്ടെന്നും അദ്ദേഹം തന്റെ എക്സ് ഹാൻഡിലിലൂടെ വ്യക്തമാക്കി.
സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം നേരിയ തോതിൽ മാത്രമേ പ്രകടമാകുന്നുള്ളൂവെന്ന് എൻ.എസ്.മാധവൻ വിലയിരുത്തുന്നു. വോട്ടെടുപ്പ് പൂർത്തിയായ ശേഷം ജില്ല തിരിച്ചുള്ള വിശദമായ പ്രവചനം നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം, കേരളം നാളെ പോളിംഗ് ബൂത്തിലേക്ക് നീങ്ങുകയാണ്. പരസ്യപ്രചാരണം പൂർത്തിയായതോടെ നിശബ്ദ പ്രചാരണത്തിന്റെ തിരക്കിലാണ് മുന്നണികളും സ്ഥാനാർത്ഥികളും. വോട്ടർമാരെ നേരിൽ കണ്ട് പിന്തുണ ഉറപ്പാക്കാനുള്ള അവസാനവട്ട ശ്രമങ്ങൾ തുടരുന്നു. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കുള്ള ഉദ്യോഗസ്ഥർക്ക് പോളിംഗ് സാമഗ്രികൾ വിതരണം ചെയ്യുന്ന നടപടികൾ ഇന്ന് വിവിധ കേന്ദ്രങ്ങളിൽ പൂർത്തിയാകും. നാളെ രാവിലെ 7 മണി മുതൽ വൈകിട്ട് 6 മണി വരെയാണ് വോട്ടെടുപ്പ്. പ്രമുഖ മാധ്യമ സർവേകളെല്ലാം ഇരുമുന്നണികളും തമ്മിൽ കടുത്ത പോരാട്ടമാണ് പ്രവചിക്കുന്നത്.




