ന്യൂഡൽഹി: രാജ്യത്ത് തിരഞ്ഞെടുക്കപ്പെട്ട സർക്കാരിന്റെ തലവനായി ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ഠിച്ച നേതാവെന്ന ചരിത്രനേട്ടം സ്വന്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. സിക്കിം മുൻ മുഖ്യമന്ത്രി പവൻ കുമാർ ചാംലിംഗിന്റെ റെക്കോർഡാണ് പ്രധാനമന്ത്രി മറികടന്നത്. 8,930 ദിവസമാണ് ചാംലിംഗ് മുഖ്യമന്ത്രി പദത്തിലിരുന്നത്. ഗുജറാത്ത് മുഖ്യമന്ത്രിയെന്ന നിലയ്ക്കും പിന്നീട് രാജ്യത്തിന്റെ പ്രധാനമന്ത്രിയെന്ന നിലയ്ക്കും ഭരണത്തലവനായി 8,931 ദിവസം പൂർത്തിയാക്കിയാണ് മോദി ഈ റെക്കോർഡ് മറികടന്നത്.
തന്റെ രാഷ്ട്രീയ ജീവിതത്തിലുടനീളം ശ്രദ്ധേയമായ നിരവധി റെക്കോഡുകൾ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വന്തമാക്കിയിട്ടുണ്ട്. ഗുജറാത്തിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്ന റെക്കോഡ് അദ്ദേഹത്തിന്റെ പേരിലാണ്. ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി ദീർഘകാലം സേവനമനുഷ്ഠിച്ച ശേഷം പ്രധാനമന്ത്രി പദത്തിലെത്തുന്ന വ്യക്തി എന്ന റെക്കോഡും ഇതിൽ ഉൾപ്പെടുന്നു. സ്വതന്ത്ര ഇന്ത്യയിൽ ജനിച്ച ആദ്യത്തെ ഇന്ത്യൻ പ്രധാനമന്ത്രികൂടിയാണ് അദ്ദേഹം.
2001 ഒക്ടോബർ ഏഴിനാണ് നരേന്ദ്ര മോദി ആദ്യമായി ഗുജറാത്ത് മുഖ്യമന്ത്രിയായി ചുമതലയേറ്റത്. ദേശീയ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതിന് മുൻപ് 13 വർഷത്തിലേറെക്കാലം അദ്ദേഹം ഗുജറാത്തിന്റെ മുഖ്യമന്ത്രിയായിരുന്നു. 2014 മെയ് 21 വരെ അദ്ദേഹം ആ പദവിയിൽ തുടർന്നു. 2014 മെയ് 26-ന് ഇന്ത്യയുടെ 14-ാമത് പ്രധാനമന്ത്രിയായി അദ്ദേഹം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രണ്ടുതവണ കാലാവധി പൂർത്തിയാക്കി, തുടർച്ചയായ മൂന്നാം തവണയും ഭരണത്തിലേറുന്ന ആദ്യ കോൺഗ്രസ് ഇതര പ്രധാനമന്ത്രിയും മോദിയാണ്.






