ന്യൂഡല്‍ഹി:ദേശീയ സുരക്ഷാ ഉപദേശക സമിതി (NSB) കേന്ദ്രസര്‍ക്കാര്‍ പുനഃസംഘടിപ്പിച്ചു. സായുധ സേന, ഇന്റലിജന്‍സ്, നയതന്ത്രം, പൊലീസ് സര്‍വീസുകള്‍ എന്നിവയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയാണ് പുന:സംഘടന. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലാണ് തീരുമാനമെടുത്തത്.
എന്‍എസ്എബിയുടെ പുതിയ ചെയര്‍മാനായി മുന്‍ റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗ് (RAW) മേധാവി അലോക് ജോഷിയെ നിയമിച്ചു. ഇന്ത്യയുടെ സൈനിക, പൊലീസ്, വിദേശ സേവനങ്ങളില്‍ നിന്നുള്ള വിരമിച്ച മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന ഏഴംഗ ബോര്‍ഡാണ് രൂപീകരിച്ചത്. മുന്‍ വെസ്റ്റേണ്‍ എയര്‍ കമാന്‍ഡര്‍ എയര്‍ മാര്‍ഷല്‍ പിഎം സിന്‍ഹ, മുന്‍ ദക്ഷിണ ആര്‍മി കമാന്‍ഡര്‍ ലെഫ്റ്റനന്റ് ജനറല്‍ എകെ സിംഗ്, സായുധ സേനയില്‍ നിന്നുള്ള റിയര്‍ അഡ്മിറല്‍ മോണ്ടി ഖന്ന എന്നിവരും സമിതി അംഗങ്ങളാണ്.
മുന്‍ ഐപിഎസ് ഓഫീസര്‍മാരായ രാജീവ് രഞ്ജന്‍ വര്‍മ്മ, മന്‍മോഹന്‍ സിംഗ്, മുന്‍ ഐഎഫ്എസ് ഉദ്യോഗ്ഥന്‍ ബി വെങ്കടേഷ് വര്‍മ്മയുമാണ് മറ്റ് അംഗങ്ങള്‍. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സുരക്ഷാകാര്യ കാബിനറ്റ് കമ്മിറ്റി (CCS), ‘സൂപ്പര്‍ കാബിനറ്റ്’ എന്നറിയപ്പെടുന്ന രാഷ്ട്രീയകാര്യ കാബിനറ്റ് കമ്മിറ്റി (CCPA) യോഗങ്ങള്‍ക്ക് പിന്നാലെയാണ് സമിതിയുടെ പുനഃസംഘടന.






