തൃശൂർ: ദേശീയപാത 66-ലെ നാട്ടിക ടോൾ പ്ലാസയിൽ ടോൾ പിരിവ് പുനരാരംഭിച്ചു. സംസ്ഥാന സർക്കാർ അനുമതി നൽകിയതോടെയാണ് നടപടി. ടോൾ പ്ലാസയ്ക്ക് ആവശ്യമായ സംരക്ഷണം നൽകാനും സർക്കാർ നിർദേശിച്ചിട്ടുണ്ട്. ജനകീയ പ്രതിഷേധത്തെ തുടർന്ന് നേരത്തെ നിർത്തിവെച്ചിരുന്ന ടോൾ പിരിവാണ് വീണ്ടും ആരംഭിച്ചത്. അതേസമയം, ദേശീയപാത നിർമാണം പൂർത്തിയാകാതെ ടോൾ പിരിവ് അനുവദിക്കില്ലെന്ന നിലപാടിൽ പ്രതിഷേധക്കാർ ഉറച്ചുനിൽക്കുകയാണ്. ടോൾ പ്ലാസയിൽ ഇന്നും പ്രതിഷേധം തുടരുന്നതിനാൽ പ്രദേശത്ത് കനത്ത പൊലീസ് സുരക്ഷ ഏർപ്പെടുത്തി.
നാട്ടിക ഉൾപ്പെടുന്ന ദേശീയപാതയുടെ നിർമാണം പൂർത്തിയാകാതെയാണ് ടോൾ പിരിവ് ആരംഭിക്കുന്നതെന്നാണ് പ്രതിഷേധക്കാരുടെ പ്രധാന ആരോപണം. 62 കിലോമീറ്റർ ദൂരത്തിൽ 90 ശതമാനം നിർമാണപ്രവൃത്തികളും പൂർത്തിയായതായി ദേശീയപാത അതോറിറ്റി വിശദീകരിക്കുന്നു. എന്നാൽ, കാപ്പിരിക്കാട്–കൊടുങ്ങല്ലൂർ ഭാഗത്ത് ചാവക്കാട് ബൈപ്പാസ്, വാടാനപ്പള്ളി ഫ്ലൈഓവർ, ചേറ്റുവ പാലം, എടമുട്ടം അടിപ്പാത, കൊറ്റംകുളം–സി.വി. ജങ്ഷൻ പാലം തുടങ്ങിയവയുടെ നിർമാണം പൂർത്തിയായിട്ടില്ലെന്നാണ് പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടുന്നത്.
നാട്ടിക, വലപ്പാട് ഹൈസ്കൂൾ, കൈപ്പമംഗലം കൊപ്രക്കളം, ശ്രീനാരായണപുരം പള്ളിനട, ഏങ്ങണ്ടിയൂർ പൊക്കുളങ്ങര, മണത്തല, എടക്കഴിയൂർ, മന്ദലാംകുന്ന് എന്നിവിടങ്ങളിൽ അനുവദിച്ച നടപ്പാലങ്ങളുടെ പ്രാരംഭ നിർമാണപ്രവൃത്തികൾ പോലും ആരംഭിച്ചിട്ടില്ലെന്നും ആരോപണമുണ്ട്. ഈ സാഹചര്യത്തിൽ ടോൾ പിരിവ് ആരംഭിച്ചത് ജനങ്ങളോടുള്ള അനീതിയാണെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്. ഹരിയാന ആസ്ഥാനമായ സ്കൈലാർക്ക് കമ്പനിക്കാണ് ടോൾ പിരിവിന്റെ കരാർ നൽകിയിരിക്കുന്നത്. കമ്പനിയുടെ ജീവനക്കാർ നാട്ടികയിലെ ടോൾ പ്ലാസയിൽ എത്തിയിട്ടുണ്ട്.
നാട്ടിക ടോൾ പ്ലാസയിലെ നിരക്കുകൾ വാഹനങ്ങളുടെ വിഭാഗമനുസരിച്ചാണ് നിശ്ചയിച്ചിരിക്കുന്നത്. കാർ, ജീപ്പ്, വാൻ, എൽ.എം, വി വാഹനങ്ങൾക്ക് ഒറ്റ യാത്രയ്ക്ക് 120 രൂപയാണ് ടോൾ. മടക്കയാത്ര ഉൾപ്പെടെ ഒരു ദിവസത്തേയ്ക്ക് 180 രൂപ കൊടുക്കണം. ഒരു മാസത്തേയ്ക്ക് 50 യാത്രകൾക്ക് 3995 രൂപയാകും. ബസ്, ട്രക്ക് എന്നിവയ്ക്ക് ഒറ്റ യാത്ര 405 രൂപയും മടക്കയാത്ര ഉൾപ്പെടെ 610 രൂപയുമാകും. പ്രതിമാസം13525 രൂപ കൊടുക്കണം. ഹെവി കൺസ്ട്രക്ഷൻ മെഷിനറി, എർത്ത് മൂവിങ് എക്യുപ്മെൻ്റ് എന്നിവ ഒറ്റ യാത്രയ്ക്ക് 635 രൂപയാണ് നൽകേണ്ടൽ മടക്കയാത്ര ഉൾപ്പെടെ 955, പ്രതിമാസത്തേയ്ക്കാണെങ്കിൽ 21210 രൂപ. ടോൾ പ്ലാസയിൽ നിന്നും 20 കി.മീറ്റർ പരിധിയിലുള്ള വാണിജ്യേതര വാഹനങ്ങൾ പ്രതിമാസം 360 രൂപയുടെ പാസ് എടുത്താൽ മതി. ടോൾ നിരക്ക് നൽകാതെ ദേശീയപാതയിലൂടെ യാത്ര ചെയ്യുന്നതിന് നിയന്ത്രണങ്ങളുണ്ടാകുമെന്ന സാഹചര്യവും യാത്രക്കാരിൽ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
അതേസമയം, ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട കാലതാമസത്തിന് ഡിസൈൻ മാറ്റമാണ് കാരണമെന്ന് നിർമാണക്കമ്പനിയായ ശിവാലയ കൺസ്ട്രക്ഷൻസ് അധികൃതർ വിശദീകരിക്കുന്നു. നേരത്തെ നിശ്ചയിച്ച അലൈൻമെന്റും സ്കെച്ചും പ്രകാരം നിർമാണം പൂർത്തിയാക്കിയിരുന്നുവെന്നും പാലങ്ങളുടെ ഇരുവശങ്ങളിലും 200 മീറ്റർ വീതം അപ്രോച്ച് റോഡുകൾ മണ്ണിട്ട് ഉയർത്തിയാണ് നിർമിച്ചതെന്നും അധികൃതർ പറയുന്നു.
എന്നാൽ, നാലുമാസം മുമ്പ് ഡിസൈനിൽ മാറ്റം വരുത്തി ഉത്തരവിറക്കിയതോടെ അപ്രോച്ച് റോഡുകൾക്ക് പകരം പൈലിങ് നടത്തി തൂണുകൾ സ്ഥാപിച്ച് പാലത്തിന് സമാനമായ നിർമാണം നടത്തേണ്ടിവന്നെന്നാണ് വിശദീകരണം. ഇതോടെ ഓരോ പാലത്തിന്റെയും നീളം 400 മീറ്റർ വീതം വർധിച്ചു. കൊറ്റംകുളം പാലത്തിന്റെ നീളം ഒരു കിലോമീറ്ററായി ഉയരുകയും ചെയ്തു.
പുതിയ നിർമാണപ്രവൃത്തികൾ പൂർത്തിയാകാൻ ഒന്നര വർഷത്തോളം കൂടി വേണ്ടിവരുമെന്നാണ് വിലയിരുത്തൽ. അധിക നിർമാണം പൂർത്തിയായശേഷം ടോൾ നിരക്ക് വർധിപ്പിക്കാനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്.
ദേശീയപാതയുടെ നിർമാണം പൂർത്തിയാക്കാതെ ടോൾ പിരിവ് അനുവദിക്കില്ലെന്ന പ്രതിഷേധക്കാരുടെ നിലപാടും ടോൾ പിരിവ് പുനരാരംഭിക്കാനുള്ള അധികൃതരുടെ തീരുമാനവും നാട്ടികയിൽ വീണ്ടും സംഘർഷാവസ്ഥയ്ക്ക് വഴിയൊരുക്കുമോയെന്നാണ് ഇനി അറിയേണ്ടത്.




