കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കവെ എൻഡിഎയ്ക്ക് മുൻതൂക്കം ലഭിക്കുന്നതായി ആദ്യ ഫലസൂചനകൾ. നിലവിലെ കണക്കുകൾ പ്രകാരം ബിജെപി 124 സീറ്റുകളിലും ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് 110 സീറ്റുകളിലും മുന്നിലാണ്. കോൺഗ്രസും ഇടതുപക്ഷവും ഓരോ സീറ്റുകളിൽ മുന്നേറുന്നു.
സംസ്ഥാനത്ത് പ്രധാനമായും ബിജെപി–തൃണമൂൽ നേരിട്ടുള്ള പോരാട്ടമാണ് ദൃശ്യമായിരിക്കുന്നത്. 293 സീറ്റുകളുള്ള നിയമസഭയിൽ 147 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് ആവശ്യമായത്. നിലവിൽ 245 സീറ്റുകളിലെ വോട്ടെണ്ണലാണ് പുരോഗമിക്കുന്നത്.
മുഖ്യമന്ത്രി മമതാ ബാനർജിയുടെ ഭവാനിപ്പൂർ മണ്ഡലത്തിൽ അവർ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടുവെന്നതാണ് ശ്രദ്ധേയമായ വിവരം. ഇവിടെ ബിജെപി സ്ഥാനാർഥിയും പ്രതിപക്ഷ നേതാവുമായ സുവേന്ദു അധികാരി മുന്നിലാണ്.
ബംഗാളിൽ ബിജെപി കേവല ഭൂരിപക്ഷം നേടുമോ എന്നതിലാണ് രാജ്യത്തിന്റെ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. എക്സിറ്റ് പോൾ പ്രവചനങ്ങൾ ബിജെപിക്ക് അനുകൂലമായ സൂചനകൾ നൽകിയിരുന്നു.




