ന്യൂഡൽഹി:ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് (യുജി) ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് മുഖ്യസൂത്രധാരൻ മനീഷ് യാദവ് ഉൾപ്പെടെ ഒൻപതുപേരെ അന്വേഷണസംഘം അറസ്റ്റ് ചെയ്തു. ചോദ്യപേപ്പർ വിതരണത്തിന് നേതൃത്വം നൽകിയ രാകേഷ് മണ്ഡാവരിയും പിടിയിലായവരിൽ ഉൾപ്പെടുന്നു. അഞ്ച് ജില്ലകളിൽ നിന്നായി നടന്ന പ്രത്യേക പരിശോധനയിലാണ് പ്രതികൾ വലയിലായത്. സംഭവത്തിൽ കേസെടുത്ത സിബിഐ വിപുലമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരീക്ഷാ നടത്തിപ്പിൽ പൂർണ്ണ സുതാര്യത അവകാശപ്പെട്ടിരുന്ന നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ), ക്രമക്കേടുകൾ സ്ഥിരീകരിച്ചതിനെത്തുടർന്ന് മെയ് മൂന്നിന് നടന്ന പരീക്ഷ റദ്ദാക്കി. 24 ലക്ഷത്തോളം വിദ്യാർത്ഥികൾ പങ്കെടുത്ത പരീക്ഷയാണ് ഇതോടെ അനിശ്ചിതത്വത്തിലായത്.
പരീക്ഷ കഴിഞ്ഞ് നാല് ദിവസങ്ങൾക്ക് ശേഷമാണ് രാജ്യത്തെ ഞെട്ടിച്ച ഈ ക്രമക്കേടിന്റെ വിവരങ്ങൾ പുറത്തുവന്നത്. രാജസ്ഥാനിലെ സിഖറിൽ പരീക്ഷയ്ക്ക് മുന്നോടിയായി വിദ്യാർത്ഥികൾക്കിടയിൽ പ്രചരിച്ച മാതൃകാ ചോദ്യപേപ്പറിന് യഥാർത്ഥ ചോദ്യപേപ്പറുമായി അസാധാരണമായ സാമ്യമുള്ളതായി രാജസ്ഥാൻ പൊലീസിന്റെ സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തുകയായിരുന്നു. ആകെ 720 മാർക്കിന്റെ ചോദ്യങ്ങളിൽ 600 മാർക്കിന്റെ ചോദ്യങ്ങളും ചോർന്നതായാണ് വിവരം. പല ചോദ്യങ്ങളുടെയും ഉത്തര ഓപ്ഷനുകളുടെ ക്രമം പോലും മാറ്റമില്ലാതെയാണ് പ്രചരിച്ചത്. 20,000 രൂപ മുതൽ രണ്ട് ലക്ഷം രൂപ വരെ ഈടാക്കിയാണ് ചോദ്യപേപ്പർ വിറ്റതെന്ന് സൂചനയുണ്ട്. ഇതുവരെ രാജസ്ഥാനിൽ നിന്ന് മാത്രം 45-ലധികം പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ജിപിഎസ് ട്രാക്കിങ്, സിസിടിവി നിരീക്ഷണം, ബയോമെട്രിക് പരിശോധന, 5ജി ജാമറുകൾ തുടങ്ങി അതീവ സുരക്ഷാ മാനദണ്ഡങ്ങളോടെ നടത്തിയ പരീക്ഷയുടെ വിശ്വാസ്യതയെ ഈ സംഭവം ചോദ്യം ചെയ്തിരിക്കുകയാണ്. പരീക്ഷ റദ്ദാക്കിയ സാഹചര്യത്തിൽ പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കുമെന്ന് എൻടിഎ അറിയിച്ചു. പഴയ രജിസ്ട്രേഷൻ വിവരങ്ങളും പരീക്ഷാ കേന്ദ്രങ്ങളും നിലനിൽക്കുന്നതിനാൽ വിദ്യാർത്ഥികൾക്ക് പുതിയതായി അപേക്ഷിക്കേണ്ടതില്ല. പരീക്ഷയ്ക്കായി അധിക ഫീസ് ഈടാക്കില്ലെന്നും ഏജൻസി വ്യക്തമാക്കിയിട്ടുണ്ട്. പരീക്ഷാ നടത്തിപ്പിന്റെ സുതാര്യതയും വിശ്വാസ്യതയും വീണ്ടെടുക്കുന്നതിനാണ് പ്രാമുഖ്യം നൽകുന്നതെന്ന് എൻടിഎ അധികൃതർ അറിയിച്ചു.






